ജ്യോതികയും സോനാക്ഷി സിൻഹയും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സിസ്റ്റം’ മേയ് 22-ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തും . അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ശക്തമായ ഒരു കോർട്ട്‌റൂം ത്രില്ലറാണ്.
നീതിന്യായ വ്യവസ്ഥയിലെ അഴിമതിക്കെതിരെയും അധികാര വർഗത്തിന്റെ അനീതിക്കെതിരെയും പോരാടുന്ന രണ്ട് സാധാരണ സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. പബ്ലിക് പ്രോസിക്യൂട്ടറായ നെഹ രാജ്വൻഷ് (സോനാക്ഷി സിൻഹ)യും സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള കോടതി സ്റ്റെനോഗ്രാഫറായ സരിക റാവത്ത് (ജ്യോതിക)യും തമ്മിലുള്ള അസാധാരണ കൂട്ടുകെട്ടാണ് കഥയുടെ കേന്ദ്രീകരണം. നിയമവ്യവസ്ഥയ്ക്കുള്ളിലെ സങ്കീർണ്ണതകളും ഒരു കേസിലെ സത്യം പുറത്തുകൊണ്ടുവരാൻ ഇവർ നടത്തുന്ന തീവ്രമായ ശ്രമങ്ങളുമാണ് പ്രമേയം.
തെന്നിന്ത്യൻ താരം ജ്യോതികയുടെ ബോളിവുഡിലേക്കുള്ള ഗംഭീര തിരിച്ചുവരവായാണ് ആരാധകർ ഇതിനെ കാണുന്നത്.
ബവേജ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രം പ്രൈം വീഡിയോ വഴിയാണ് 240-ലധികം രാജ്യങ്ങളിൽ പുറത്തിറങ്ങുന്നത്.നിലവിലെ സാമൂഹിക സാഹചര്യത്തിൽ ഏറെ പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഈ റിലീസിനെ കാത്തിരിക്കുന്നത്.





