തൃശൂർ അവയവ മാഫിയയുടെ ഹബ്ബ്; ഇരയാക്കപ്പെടുന്നത് സ്ത്രീകൾ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ഹിതേഷ് ശങ്കർ

തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ കേരളത്തെ നടുക്കുന്ന അവയവ മാഫിയയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തൃശൂർ ജില്ല നിലവിൽ അവയവ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ഇതിൽ ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നത് സാമ്പത്തികമായി തകർന്നുപോയ സ്ത്രീകളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അവയവദാനത്തിനായി തന്റെ മുന്നിലെത്തുന്ന അപേക്ഷകളിൽ ഭൂരിഭാഗവും സ്ത്രീകളുടേതാണെന്ന വസ്തുത ഈ ചൂഷണത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു. ഒരു ദിവസം പരിശോധിച്ച എട്ട് കേസുകളിൽ ഏഴിലും ദാതാക്കൾ സ്ത്രീകളായിരുന്നുവെന്നത് ഈ മാഫിയ സംഘങ്ങൾ ലക്ഷ്യമിടുന്നത് ആരെയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.

ഈ കുറ്റകൃത്യത്തിന് പിന്നിൽ കൃത്യമായ തിരക്കഥയോടെ പ്രവർത്തിക്കുന്ന വലിയൊരു ഏജന്റ് ശൃംഖല തന്നെയുണ്ട്. ദാതാവായ സ്ത്രീക്ക് രോഗിയുമായി യാതൊരു ബന്ധവുമില്ലെങ്കിലും, ഭർത്താവിന്റെ സുഹൃത്താണെന്നോ അല്ലെങ്കിൽ പണ്ട് സഹായിച്ചിട്ടുള്ള ആളാണെന്നോ ഉള്ള വ്യാജമായ വൈകാരിക കഥകൾ മാഫിയ ഇവർക്ക് പഠിപ്പിച്ചു നൽകുന്നു. തൃശൂരിലെ കൈപ്പമംഗലം, കൊടുങ്ങല്ലൂർ, ആലപ്പുഴയിലെ ചേർത്തല തുടങ്ങിയ തീരദേശ മേഖലകളിലെ ദാരിദ്ര്യം അനുഭവിക്കുന്ന സാധാരണക്കാരായ സ്ത്രീകളെയാണ് ഏജന്റുമാർ പ്രധാനമായും വലയിലാക്കുന്നത്. പണം നൽകി അവയവം കൈക്കലാക്കുന്നതോടെ ദാതാവുമായുള്ള എല്ലാ ബന്ധവും മാഫിയ അവസാനിപ്പിക്കുന്നു. മതിയായ വിശ്രമമോ തുടർച്ചികിത്സയോ ലഭിക്കാതെ ഈ സ്ത്രീകൾ പിന്നീട് കടുത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു.

അവയവമാറ്റത്തിനായി നിയമപരമായ അനുമതി നൽകുന്ന സമിതികൾക്ക് മേൽ പോലും മാഫിയ സംഘങ്ങൾ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്.  അപേക്ഷകൾ തള്ളിക്കളയുമ്പോൾ കോടതി മുഖേന അനുമതി വാങ്ങി വീണ്ടും നിയമത്തെ മറികടക്കാൻ ശ്രമിക്കുന്നതും പതിവാണെന്ന് ഡോക്ടർ വെളിപ്പെടുത്തുന്നു. ഒന്നുകിൽ അവയവ വാണിജ്യം കർശന നിയന്ത്രണങ്ങളോടെ നിയമവിധേയമാക്കുകയോ അല്ലെങ്കിൽ നിലവിലുള്ള സംവിധാനങ്ങളിലെ പഴുതുകൾ അടച്ച് മാഫിയകളെ അടിച്ചമർത്തുകയോ വേണമെന്നാണ് ഡോ. ഹിതേഷ് ശങ്കർ ആവശ്യപ്പെടുന്നത്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും ഭയാനകമായ മനുഷ്യ ചൂഷണമായി തൃശൂരിലെ ഈ അവയവ കച്ചവടം മാറിയിരിക്കുകയാണെന്ന് അദ്ദേഹം തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നു.

ഡോ. ഹിതേഷ് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം
പ്രിയരേ, തൃശ്ശൂർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവയവ കച്ചവടത്തിൻ്റെ ഒരു കേന്ദ്രമായി മാറുന്നുവെന്നത് വളരെ ആശങ്കാജനകമാണ്. പ്രത്യേകിച്ച് കൈപ്പമംഗലം, കൊടുങ്ങല്ലൂർ (ത്രിശ്ശൂർ), ചേർത്തല (ആലപ്പുഴ), കൊല്ലം തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെയാണ് ലക്ഷ്യമിടുന്നത്.

ജില്ലാതല അംഗീകാര സമിതി നിരസിച്ച കേസുകൾ പോലും ഹൈക്കോടതിയുടെ അനുമതി തേടി വീണ്ടും മുന്നോട്ടു കൊണ്ടുപോകുന്നു. അതിലും ഗുരുതരമായി, ചില സാഹചര്യങ്ങളിൽ കോടതിയുടെ നിർദ്ദേശ പ്രകാരം തൃശ്ശൂർ ജില്ലാ സമിതിക്ക് അതിന്റെ അധികാരപരിധിക്ക് പുറത്തുള്ള കേസുകൾ പോലും പരിഗണിക്കേണ്ടിവരുന്നു. ഇതിൽ കൂടുതൽ ആശങ്കാജനകമായ മറ്റൊരു വസ്‌തുത ചില സമിതി അംഗങ്ങൾക്ക് വിവിധ ഭാഗങ്ങളിൽ നിന്നായി “അനുമതി നൽകണം” എന്ന സമ്മർദ്ദം ചെലുത്തുന്ന ഫോൺ കോളുകൾ ലഭിക്കുന്നുവെന്നാണ് വിവരം.ഇത് നിർണായകമായ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന സംഘടിത ഇടപെടലുകളുടെ സൂചനയാണ്.

ഇന്നത്തെ അവസ്ഥയിൽ ഏറ്റവും ഭീതിജനകമായ ഒരു പ്രവണത സ്ത്രീ ദാതാക്കളുടെ വർധനവാണ്. ഇന്ന് പരിഗണിച്ച 8 കേസുകളിൽ 7 പേരും സ്ത്രീകളായിരുന്നു. ഇവരിൽ പലർക്കും സ്വീകരിക്കുന്ന രോഗിയെ നേരിട്ട് അറിയില്ല. ഭർത്താവിന്റെ പരിചയത്തിൻ്റെ അടിസ്ഥാനത്തിലാണ് അവയവദാനം നടത്തുന്നത്. “ആത്മാർത്ഥ ദാനം” എന്ന പേരിൽ കൃത്രിമ കഥകൾ സൃഷ്ടിക്കപ്പെടുന്നു. എന്നാൽ ഇതിന് പിന്നിൽ വ്യാപകമായ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി ശക്തമായ സംശയങ്ങൾ ഉണ്ട്.

ഇത് മനുഷ്യാവകാശ ലംഘനമാണ്. ദാരിദ്ര്യവും അറിവില്ലായ്മയും ദുരുപയോഗം ചെയ്യുന്നതാണ്പ്രത്യേകിച്ച് സ്ത്രീകളെ ഇത്തരം ശൃംഖലകളിൽ കുടുക്കുന്നത് അതീവ ഗൗരവമുള്ള സാമൂഹിക പ്രശ്‌നമാണ്.അതിനാൽ രണ്ടിൽ ഒന്ന് സംഭവിക്കണം:

  1. അവയവ വാണിജ്യം നിയമപരമായി തുറന്നുവിടുക
    (അത് ചെയ്യുമ്പോൾ കർശന നിയന്ത്രണങ്ങളോടെ)

അല്ലെങ്കിൽ

  1. നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കി ഇത്തരം ചൂഷണ ശൃംഖലകളെ തകർക്കുക.
    നിശബ്ദമായി നോക്കി നിൽക്കാൻ കഴിയില്ല.ഇത് കഴിയില്ല.ഇത് ആരോഗ്യരംഗത്തിനും സമൂഹത്തിനും ഒരുപോലെ അപകടകരമാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories