കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എ.ഐ.സി.സി. നിരീക്ഷകർ നടത്തിയ ഹിതപരിശോധനയിൽ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർക്കായി ഗ്രൂപ്പ് അടിസ്ഥാനത്തിൽ ശക്തമായ അവകാശവാദങ്ങളാണ് ഉയരുന്നത്. 63 കോൺഗ്രസ് എം.എൽ.എമാരിൽ 47 പേരുടെ പിന്തുണയുണ്ടെന്ന് കെ.സി. പക്ഷം അവകാശപ്പെടുമ്പോൾ, 35 പേർ തങ്ങൾക്കൊപ്പമുണ്ടെന്ന് സതീശൻ അനുകൂലികളും 23 പേരുടെ പിന്തുണ ചെന്നിത്തലയും ഉറപ്പിക്കുന്നു. ഇതിൽ എ ഗ്രൂപ്പിലെ 18 പേർ കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം. സണ്ണി ജോസഫ് സർക്കാരിന്റെ ഭാഗമായാൽ ബെന്നി ബെഹനാനെ കെ.പി.സി.സി. പ്രസിഡന്റാക്കാമെന്ന ധാരണയും തിരഞ്ഞെടുപ്പ് ചെലവുകളിലടക്കം കെ.സി. നൽകിയ സഹായവുമാണ് ഈ പിന്തുണയ്ക്ക് പിന്നിലെന്ന് സൂചനയുണ്ട്.
വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നിരീക്ഷകരായ അജയ് മാക്കനെയും മുകുൾ വാസ്നിക്കിനെയും നേരിൽക്കണ്ട് തങ്ങളുടെ അർഹതകൾ വ്യക്തമാക്കി. തുടർച്ചയായ തോൽവികളിൽ നിന്ന് മുന്നണിയെ വിജയത്തിലേക്ക് നയിച്ച സാഹചര്യവും പൊതുസമൂഹത്തിനിടയിലെ സ്വീകാര്യതയും സതീശൻ ചൂണ്ടിക്കാട്ടി. എന്നാൽ, തന്റെ സീനിയോറിറ്റിയും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള കഴിവും വ്യക്തമാക്കിയ ചെന്നിത്തല, മുഖ്യമന്ത്രിയാകാൻ ഇത് തന്റെ അവസാന അവസരമാണെന്നും നിരീക്ഷകരെ അറിയിച്ചു.
എം.എൽ.എമാരിൽ സണ്ണി ജോസഫും ടി. സിദ്ദിഖും സന്ദീപ് വാര്യരും ഉൾപ്പെടെ കെ.സിക്ക് പിന്തുണ നൽകിയെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, സന്ദീപ് വാര്യർ, രമേഷ് പിഷാരടി, ചാണ്ടി ഉമ്മൻ തുടങ്ങിയവർ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന നിഷ്പക്ഷ നിലപാടാണ് ഔദ്യോഗികമായി സ്വീകരിച്ചത്. ഇന്ത്യ ന്യൂ എക്സ്പ്രസ്സിലൂടെ പുറത്തുവന്ന രേഖകളുടെ റിപ്പോർട്ട് കെ സിയെ അനുകൂലിച്ച് രമേശ് പിഷാരടിയുടെയും സന്ദീപ് പേരുകൾ പുറത്തുവന്നിരുന്നു അനുകൂലിക്കുന്ന നിലപാടാണ് സന്ദീപ് വാര്യർ പ്രതികരിച്ചത് മറ്റുള്ളവർ പ്രതികരിച്ചിട്ടില്ല.
ഘടകകക്ഷികൾ വി.ഡി. സതീശന്റെ നേതൃത്വത്തെ പൂർണ്ണമായി പിന്തുണച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രത്യേക വ്യക്തിക്കായി കടുംപിടിത്തം പിടിച്ചില്ല. എങ്കിലും, നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഉടൻ ഉപതിരഞ്ഞെടുപ്പ് സാഹചര്യം ഒരുക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
നിരീക്ഷകർ ഡൽഹിയിൽ മടങ്ങിയെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. വിശദമായ റിപ്പോർട്ട് കൂടി സമർപ്പിക്കുന്നതോടെ ഹൈക്കമാൻഡ് അന്തിമ പ്രഖ്യാപനം നടത്തും.





