ലഹരിയുടെ ചതിക്കുഴികൾ: ആഘോഷങ്ങളിൽ നിന്ന് കാരിയർമാരിലേക്ക്

ആഘോഷങ്ങളുടെയും സൗഹൃദക്കൂട്ടായ്മകളുടെയും മറവിൽ കോഴിക്കോട് നഗരത്തിലെ യുവതലമുറയെ ലക്ഷ്യമിട്ട് ലഹരിമാഫിയ കൂടുതൽ സജീവമാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബീച്ചുകൾ, പാർക്കുകൾ, സരോവരം പോലുള്ള പൊതുവിടങ്ങളിൽ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനെത്തുന്നവരെ നിരീക്ഷിക്കുകയും പിന്നീട് സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നതാണ് ഇത്തരം സംഘങ്ങളുടെ പ്രധാന രീതി. പ്രത്യേകിച്ച് പിറന്നാൾ ആഘോഷങ്ങൾക്കോ ചെറിയ ഒത്തുചേരലുകൾക്കോ എത്തുന്ന യുവതികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് കണ്ടെത്തൽ.

ആദ്യഘട്ടത്തിൽ ‘സാധാരണ പരീക്ഷണം’ എന്ന രീതിയിൽ ലഹരി പരിചയപ്പെടുത്തിയാണ് പലരെയും കെണിയിലാക്കുന്നത്. പിന്നീട് പതുക്കെ മാരകമായ രാസലഹരികളിലേക്ക് നയിക്കുകയും, ആഴ്ചകളോളം നീളുന്ന ഇടപെടലുകളിലൂടെ വിശ്വാസം നേടിയെടുത്ത ശേഷം ലഹരി കടത്തുന്ന കാരിയർമാരാക്കി മാറ്റുകയും ചെയ്യുന്നതാണ് മാഫിയയുടെ പ്രവർത്തനരീതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരല്ല, മറിച്ച് നല്ല കുടുംബ പശ്ചാത്തലമുള്ള യുവതി-യുവാക്കളാണ് പലപ്പോഴും ഇത്തരം ചതിക്കുഴികളിൽ കുടുങ്ങുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്ന ഘടകമാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലഹരി വിപണിയിൽ കോടികൾ വിലമതിക്കുന്ന രാസലഹരികളുടെ സാന്നിധ്യം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കിലോക്കണക്കിന് എംഡിഎംഎ പോലുള്ള മയക്കുമരുന്നുകളാണ് വിവിധ ജില്ലകളിൽ നിന്ന് പിടിച്ചെടുക്കപ്പെടുന്നത്. ആവശ്യക്കാർക്ക് ഒരു ഗ്രാമിന് വൻതുക ഈടാക്കി വിതരണം നടത്തുന്ന സംഘങ്ങൾ, സമൂഹത്തിൽ കൂടുതൽ ഇടപെടലുകളും സുഹൃത് വലയങ്ങളും ഉള്ള യുവാക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

പോലീസും എക്സൈസും നടത്തിയ പരിശോധനകളിൽ പിടിയിലാകുന്നവരിൽ വലിയൊരു വിഭാഗവും 20 മുതൽ 21 വയസ്സ് വരെയുള്ള യുവതി-യുവാക്കളാണെന്നതും ശ്രദ്ധേയമാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നുണ്ടെങ്കിലും വിതരണ ശൃംഖലകൾ പുതിയ രീതികളിലേക്ക് മാറുന്നതോടെ ഇവയെ തിരിച്ചറിയുന്നതിൽ വെല്ലുവിളികൾ ഉയരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ലഹരി കേസുകളുടെയും പ്രതികളുടെയും എണ്ണത്തിൽ സ്ഥിരമായ വർധനവ് കാണാം. കഞ്ചാവ്, ബ്രൗൺ ഷുഗർ, മെത്താഫിറ്റമിൻ എന്നിവയ്ക്കൊപ്പം മാരക രാസലഹരികളും വ്യാപകമായി വിപണിയിൽ എത്തുന്നുണ്ട്. ഓരോ വർഷവും പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ അളവ് ഉയരുന്നത് നഗരങ്ങളിലെ ലഹരി ഉപയോഗത്തിന്റെ വ്യാപ്തി എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.

സുഹൃത്തുക്കൾ വഴിയാണ് പലരും ഈ ലോകത്തേക്ക് എത്തിപ്പെടുന്നതെന്നതിനാൽ സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്നതിലും പൊതുവിടങ്ങളിലെ ആഘോഷങ്ങളിലും കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കുടുംബങ്ങളുടെ ശ്രദ്ധയും കുട്ടികളുമായുള്ള തുറന്ന ആശയവിനിമയവും ഇത്തരം ചതിക്കുഴികളിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ നിർണായകമാണെന്നും അവർ ഓർമ്മിപ്പിക്കുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *