ദൃശ്യം 3 പുതു ചരിത്രത്തിലേക്ക്…ബോക്‌സ് ഓഫീസില്‍ വെറും 7 ദിവസം കൊണ്ട് 200 കോടി!

മലയാള സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ജോര്‍ജുകുട്ടിയുടെ തിരിച്ചുവരവ് തിയറ്ററുകളില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്. മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ദൃശ്യം 3’ ബോക്‌സ് ഓഫീസിലെ എല്ലാ മുന്‍ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് മുന്നേറുന്നു. ചിത്രം റിലീസ് ചെയ്ത് കേവലം 7 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 200 കോടി രൂപയാണ് വാരിക്കൂട്ടിയത്. ആദ്യ വാരം പിന്നിട്ടിട്ടും തിയറ്ററുകളില്‍ ഒട്ടും തിരക്കൊഴിയാത്ത ദൃശ്യം 3, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും കേരളത്തിലുടനീളം അഞ്ഞൂറോളം സ്‌ക്രീനുകളിലാണ് വന്‍ ജനപങ്കാളിത്തത്തോടെ പ്രദര്‍ശനം തുടരുന്നത്.

മലയാള സിനിമയില്‍ ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബ് കീഴടക്കുന്ന ചിത്രമെന്ന ഖ്യാതി ഇതോടെ ‘ദൃശ്യം 3’-ക്ക് സ്വന്തം. കേരളത്തിലെ തിയറ്ററുകളില്‍ മാത്രമല്ല, ഗള്‍ഫ് നാടുകളിലും, യുകെ, യു.എസ് തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് അഭൂതപൂര്‍വ്വമായ വരവേല്‍പ്പാണ് ലഭിക്കുന്നത്. പ്രധാന നഗരങ്ങളിലെ മിക്ക തിയറ്ററുകളിലും വരും ദിവസങ്ങളിലെ ടിക്കറ്റുകള്‍ ഇതിനകം തന്നെ ‘ഹൗസ് ഫുള്‍’ ആയിക്കഴിഞ്ഞു.

ആദ്യ രണ്ട് ഭാഗങ്ങളെക്കാളും മികച്ച ട്വിസ്റ്റുകളും സസ്‌പെന്‍സുമാണ് മൂന്നാം ഭാഗത്തില്‍ ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. ക്ലൈമാക്‌സിലെ അപ്രതീക്ഷിത രംഗങ്ങളാണ് കുടുംബപ്രേക്ഷകരെ വീണ്ടും വീണ്ടും തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നത്.ജിത്തു ജോസഫിന്റെ തിരക്കഥയും മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനവും ഒത്തുചേര്‍ന്നപ്പോള്‍ വരും വാരന്ത്യത്തില്‍ കളക്ഷന്‍ ഇനിയും വാരിക്കൂട്ടും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *