മിൽമ പാലിനും തൈരിനും ഇന്ന് മുതൽ വില വർധനവ് നിലവിൽ വന്നു. പാൽ ലിറ്ററിന് നാല് രൂപയും തൈര് കിലോഗ്രാമിന് പത്ത് രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഉത്പാദനച്ചെലവ് ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് ഈ വിലക്കയറ്റം അനിവാര്യമായതെന്ന് മിൽമ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ പുതിയ പാക്കറ്റുകൾ വിപണിയിൽ എത്തുന്നത് വരെ പഴയ വില രേഖപ്പെടുത്തിയ കവറുകളിലായിരിക്കും പാൽ ലഭ്യമാവുക. നെയ്യ് ഉൾപ്പെടെയുള്ള മറ്റ് മിൽമ ഉൽപ്പന്നങ്ങളുടെ വിലയും വരും ദിവസങ്ങളിൽ ഉയരാൻ സാധ്യതയുണ്ട്.
വർധിപ്പിച്ച വിലയുടെ 83.75 ശതമാനവും നേരിട്ട് കർഷകർക്ക് ലഭിക്കുന്ന രീതിയിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ ലിറ്ററിന് 3.33 രൂപ വീതം കർഷകരുടെ വരുമാനത്തിൽ അധികമായി ലഭിക്കും. ബാക്കി വരുന്ന തുകയിൽ 6.25 ശതമാനം വീതം പാൽ സൊസൈറ്റികൾക്കും വിതരണക്കാർക്കും നൽകും. മിൽമയുടെ പ്രവർത്തനങ്ങൾക്കായി 2.5 ശതമാനം തുക മാറ്റിവെക്കുമ്പോൾ 0.75 ശതമാനം കർഷക ക്ഷേമനിധിയിലേക്കും 0.5 ശതമാനം പ്ലാസ്റ്റിക് മാലിന്യ നിർമാർജന പദ്ധതികൾക്കുമായാണ് വിനിയോഗിക്കുന്നത്.
പുതിയ നിരക്കുകൾ പ്രകാരം മഞ്ഞ കവർ പാലിന് 27 രൂപയും, നീല, ഓറഞ്ച് കവർ പാലുകൾക്ക് 30 രൂപ വീതവുമാണ് വില. പച്ച കവർ പാലിന് 32 രൂപയും ഒരു ലിറ്റർ കൗ മിൽക് ബോട്ടിലിന് 75 രൂപയുമാണ് പുതിയ വില. തൈര് ക്ലാസിക് 40 രൂപയ്ക്കും തൈര് എലൈറ്റ് 45 രൂപയ്ക്കുമാണ് ഇനി ലഭിക്കുക. പാചകവാതകത്തിന് പിന്നാലെ പാലിനും തൈരിനും കൂടി വില കൂടിയതോടെ ഹോട്ടൽ ഭക്ഷണത്തിന്റെ ചെലവ് ഇനിയും ഉയരുമെന്ന ആശങ്കയിലാണ് ഹോട്ടലുടമകളും സാധാരണക്കാരും.





