​തിളങ്ങുന്ന റീലുകൾക്കപ്പുറം വിദേശപഠനത്തിന്റെ കനൽവഴികൾ

നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന ഏറ്റവും വലിയ ട്രെൻഡുകളിലൊന്നാണ് പ്ലസ് ടുവോ ഡിഗ്രിയോ കഴിഞ്ഞയുടൻ കുട്ടികൾ കൂട്ടത്തോടെ വിദേശത്തേക്ക് വണ്ടികയറുന്നത് വിമാനം കയറിയാൽ ഉടൻ ജീവിതം പച്ചപിടിക്കുമെന്ന അമിത പ്രതീക്ഷയിലാണ് ഭൂരിഭാഗം പേരും പോകുന്നത്. എന്നാൽ, സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന റീലുകൾക്കപ്പുറം വിദേശത്തെ മലയാളി വിദ്യാർത്ഥികളുടെ യഥാർത്ഥ ജീവിതം അത്ര സുഖകരമാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

നാട്ടിൽ മികച്ചൊരു ജോലിയോ വരുമാനമോ ഇല്ലെന്ന നിരാശയിലാണ് പലരും വീടും പുരയിടവും പണയപ്പെടുത്തിയും, ലക്ഷങ്ങളുടെ വിദ്യാഭ്യാസ വായ്പയെടുത്തും കടൽ കടക്കുന്നത്. എന്നാൽ അവിടെ ചെന്നെത്തുമ്പോൾ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധികളാണ്. പഠനച്ചെലവും ജീവനച്ചെലവും കണ്ടെത്താൻ ഒരു പാർട്ട് ടൈം ജോലി പോലും കിട്ടാതെ അലയുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇന്ന് വളരെക്കൂടുതലാണ്. റൂം വാടക നൽകാനും ഒരു നേരത്തെ ആഹാരത്തിനുമായി നെട്ടോട്ടമോടുമ്പോൾ, നാട്ടിലെ വായ്പാ തിരിച്ചടവിനെക്കുറിച്ചുള്ള ആധി അവരെ വിടാതെ പിന്തുടരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ഒറ്റപ്പെടലും, പൊരുത്തപ്പെടാനാകാത്ത കാലാവസ്ഥയും കാരണം ഭൂരിഭാഗം കുട്ടികളും കടുത്ത മാനസിക സമ്മർദ്ദത്തിലേക്കും ഡിപ്രഷനിലേക്കും വീണുപോകുന്നുണ്ട്. അഭിമാനം ഓർത്ത് ഈ കഷ്ടപ്പാടുകൾ നാട്ടിലുള്ള മാതാപിതാക്കളോട് തുറന്നുപറയാൻ പോലും പലർക്കും സാധിക്കാറില്ല.
വലിയ സ്വപ്നങ്ങൾ കാണിച്ച് കുട്ടികളെ കെണിയിൽപ്പെടുത്തുന്ന ഏജൻസികളും, വിദേശത്ത് പോയാൽ മാത്രമേ ജീവിതം സക്സസ് ആകൂ എന്ന നമ്മുടെ സമൂഹത്തിന്റെ തെറ്റായ ചിന്താഗതിയും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൃത്യമായ ആസൂത്രണമോ അവിടെയുള്ള തൊഴിൽസാധ്യതകളെക്കുറിച്ചുള്ള ബോധ്യമോ ഇല്ലാതെ അന്ധമായി വിദേശത്തേക്ക് മക്കളെ അയക്കുന്നത് അവരെ വലിയൊരു ചതിക്കുഴിയിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. തിളങ്ങുന്നതെല്ലാം പൊന്നല്ല എന്ന് തിരിച്ചറിഞ്ഞ്, വിദേശപഠനത്തിന്റെ പിന്നാമ്പുറങ്ങളിലെ കണ്ണീരും കഷ്ടപ്പാടുകളും കൂടി മനസ്സിലാക്കാൻ ഇനിയെങ്കിലും നമ്മുടെ യുവതലമുറയും മാതാപിതാക്കളും തയ്യാറാകണം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *