ഇനി കളി ഹാർഡ്‌വെയറിലും മാറും മക്കളേ!

ചാറ്റ്ജിപിടിയിലൂടെ ലോകത്തെ ഞെട്ടിച്ച ഓപ്പൺഎഐ ദേ അടുത്ത വെടി പൊട്ടിക്കാൻ റെഡിയാവുകയാണ്. ഇത്തവണ വെറും സോഫ്റ്റ്‌വെയർ മാത്രമല്ല, നമ്മളോട് നേരിട്ട് സംസാരിക്കുന്ന ഒരു കിടിലൻ എഐ സ്പീക്കറുമായാണ് വരവ്. ആപ്പിളിന്റെ ഐഫോൺ ഡിസൈൻ ചെയ്ത് ഹിറ്റാക്കിയ സാക്ഷാൽ ജോണി ഐവും ഓപ്പൺഎഐയും കൈകോർക്കുമ്പോൾ സംഭവം അമ്മാതിരി ഐറ്റമായിരിക്കും എന്ന് ഉറപ്പാണ്.

കാണാൻ സ്ക്രീൻ ഒന്നും ഇല്ലാത്ത ഒരു പോർട്ടബിൾ സ്പീക്കർ ആയിരിക്കും ഇത്. പക്ഷേ സ്ക്രീൻ ഇല്ലെങ്കിലും സംഭവം കളർ ആവും കേട്ടോ! ക്യാമറയും സെൻസറുകളുമൊക്കെ ഉള്ളതുകൊണ്ട് നമ്മൾ എവിടെയാണ് ഇരിക്കുന്നത്, ചുറ്റും എന്തൊക്കെയാണ് നടക്കുന്നത് എന്നൊക്കെ ഈ കക്ഷിക്ക് കൃത്യമായി മനസ്സിലാക്കാൻ പറ്റും. വീട്ടിൽ എവിടെ വേണമെങ്കിലും കൊണ്ടുനടക്കാൻ പറ്റുന്ന രീതിയിൽ നല്ലൊരു റീചാർജ് ചെയ്യാവുന്ന ബാറ്ററിയും ഇതിലുണ്ടാകും.

വെറുമൊരു സ്പീക്കർ എന്നതിലുപരി നമ്മളോട് മനുഷ്യരെപ്പോലെ സംസാരിക്കുന്ന ഒരു കൂട്ടുകാരനായിരിക്കും ഇത്. ചാറ്റ്ജിപിടിയുടെ ലൈവ് വോയ്സ് മോഡ് ഒക്കെ വരുന്നതുകൊണ്ട് നമ്മൾ ഒരാളോട് സംസാരിക്കുന്നത് പോലെ അത്രയും സ്വാഭാവികമായി തിരിച്ചു സംസാരിക്കും. വീട്ടുജോലികൾ ഓർമ്മിപ്പിക്കാനും പാട്ട് വെക്കാനും സ്മാർട്ട് ഹോം നിയന്ത്രിക്കാനും ഒക്കെ ഈ എഐ കൂട്ടാളി കൂടെയുണ്ടാകും.
നമ്മുടെ ശീലങ്ങളും താല്പര്യങ്ങളും ഒക്കെ പതിയെ പഠിച്ചെടുത്ത് നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞു തരാൻ വരെ ഇതിന് കഴിവുണ്ടായിരിക്കും.

നമ്മുടെ ഇമെയിലും ചാറ്റ്ജിപിടി അക്കൗണ്ടും ഒക്കെയായി ഇത് ലിങ്ക് ചെയ്യാനും പറ്റും. ആമസോണിന്റെ അലക്സയ്ക്കും ഗൂഗിളിനും ആപ്പിളിനും ഒക്കെ ഇതൊരു ഒന്നൊന്നര പണിയായിരിക്കും എന്നാണ് കേൾക്കുന്നത്. ആപ്പിളിൽ നിന്ന് ഇറങ്ങിയ ഡിസൈനർമാരെ ഒക്കെ വെച്ചാണ് ഓപ്പൺഎഐ ഈ കളിക്ക് ഇറങ്ങുന്നത് എന്നതുകൊണ്ട് തന്നെ ആപ്പിൾ ചെറുതായൊന്ന് കേസ് കൊടുത്ത് സീൻ ആക്കാൻ നോക്കുന്നുണ്ടെങ്കിലും സംഭവം ഉടൻ തന്നെ വിപണിയിൽ എത്തും എന്ന് തന്നെയാണ് ടെക് ലോകത്തെ സംസാരം. എന്തായാലും കാത്തിരുന്ന് കാണാം ഈ പുതിയ എഐ വിപ്ലവം!

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *