16 വർഷങ്ങൾക്കിപ്പുറം വീണ്ടും ‘നായകൻ’!ലിജോ-ഇന്ദ്രജിത്ത് കൂട്ടുകെട്ടിന്റെ ചിത്രം 4K ദൃശ്യമികവോടെ തിയേറ്ററുകളിലേക്ക്..

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധാന പ്രതിഭയുടെ വരവറിയിച്ച ‘നായകൻ’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. പതിനാറ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം, ബിഗ് സ്ക്രീനിൽ 4K ദൃശ്യമികവോടെ സെപ്റ്റംബർ 4-നാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്.

തന്റെ കുടുംബത്തെ തകർത്തവരോട് പകവീട്ടാനിറങ്ങുന്ന ‘വരദനുണ്ണി’ എന്ന കഥകളി കലാകാരനായി ഇന്ദ്രജിത്ത് സുകുമാരൻ തകർത്താടിയ ചിത്രമാണിത്. ഇന്ദ്രജിത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് വരദനുണ്ണി വിലയിരുത്തപ്പെടുന്നത്.
പി.എസ്. റഫീഖിന്റെ മികച്ച തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ തിലകൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, വിജയരാഘവൻ, ധന്യ മേരി വർഗീസ്, ലാലു അലക്സ്, ചെമ്പൻ വിനോദ് ജോസ് തുടങ്ങി വലിയൊരു താരനിര തന്നെ വേഷമിട്ടിരുന്നു. പ്രശാന്ത് പിള്ളയുടെ മനോഹരമായ ഗാനങ്ങളും പശ്ചാത്തലസംഗീതവും മനോജ് പരമഹംസയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.

ഇല്ലുമിനാറ്റി ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ നിർമ്മിച്ച ഈ ചിത്രം റിലീസ് ചെയ്ത സമയത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും, പിൽക്കാലത്ത് പ്രേക്ഷകർ ഏറ്റെടുത്ത ഒരു ക്ലാസിക് ചിത്രമായി മാറി. ‘ദേവദൂതൻ’, ‘ഛോട്ടാ മുംബൈ’, ‘ഫ്രണ്ട്സ്’ തുടങ്ങിയ ചിത്രങ്ങളുടെ വിജയകരമായ റീ-റിലീസുകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് ‘നായകന്റെ’ റീമാസ്റ്ററിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *