ഇറാനുമായുള്ള യുദ്ധം ലഘൂകരിച്ച് സംഘർഷത്തിൽ നിന്ന് പിന്മാറാനുള്ള വഴി കണ്ടെത്തണമെന്ന് യുഎസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരോട് സ്വകാര്യമായി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നിലവിലെ സൈനിക നടപടികൾ കൂടുതൽ നീണ്ടാൽ തിരിച്ചടിയുണ്ടാകാമെന്നും, വ്യോമാക്രമണങ്ങളിലൂടെ മാത്രം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നും കെയ്ൻ മുന്നറിയിപ്പ് നൽകിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉപദേശകരുമായി കെയ്ൻ ആശങ്കകൾ പങ്കുവെച്ചതായാണ് വിവരം. സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുമായും അദ്ദേഹം ചർച്ച നടത്തി. യുദ്ധത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ട്രംപുമായി ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായായിരുന്നു ഈ ചർച്ചകൾ.
ഇറാനിലേക്ക് കരസേനയെ അയക്കുന്നതിനോട് ട്രംപിന് താൽപര്യമില്ല. വ്യോമാക്രമണങ്ങളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കാമെന്ന നിലപാടിലാണ് അദ്ദേഹം. എന്നാൽ ഇറാന്റെ ആണവശേഷി തടയുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൈനിക നടപടി ആറുമാസം പിന്നിട്ടിട്ടും സംഘർഷത്തിന് വ്യക്തമായ പരിഹാരം കണ്ടെത്താനായിട്ടില്ല.
ഇതിനിടെ യുഎസ് സൈന്യം കടുത്ത ആയുധക്ഷാമം നേരിടുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. പ്രത്യേകിച്ച് വ്യോമപ്രതിരോധ സംവിധാനങ്ങളിലെ പരിമിതി കെയ്നിന്റെ ചർച്ചകളിൽ പ്രധാന വിഷയമായെന്നാണ് വിവരം. ആയുധശേഖരം കുറയുന്നത് ഇറാന്റെ തിരിച്ചടികളെ നേരിടാനുള്ള യുഎസ് ശേഷിയെ ബാധിക്കുമെന്ന ആശങ്ക ഗൾഫ് സഖ്യരാജ്യങ്ങളും അമേരിക്കയെ അറിയിച്ചിട്ടുണ്ട്.
യുദ്ധതന്ത്രങ്ങളുടെ പരിമിതികളെക്കുറിച്ച് വൈറ്റ് ഹൗസ് യോഗങ്ങളിൽ കെയ്ൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ട്രംപുമായുള്ള ബന്ധം നിലനിർത്തുന്നതിലും അദ്ദേഹം ശ്രദ്ധ പുലർത്തുന്നുണ്ടെന്നാണ് സിഎൻഎൻ റിപ്പോർട്ട്. ആക്രമണം തുടരാൻ പ്രസിഡന്റ് ഉത്തരവിട്ടാൽ അതിനുള്ള സൈനിക ശേഷി യുഎസിനുണ്ടെന്ന് കെയ്ൻ നേരത്തെ വ്യക്തമാക്കിയിരുന്നു.





