ഇറാനെതിരായ ഉപരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ 20ലേറെ യുദ്ധക്കപ്പലുകൾ വിന്യസിച്ച് അമേരിക്ക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസ് നേവിയുടെ ഡിസ്ട്രോയർ കപ്പലായ യുഎസ്എസ് റോസ് ഉൾപ്പെടെയുള്ള കപ്പലുകളാണ് മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്.
ഓഗസ്റ്റ് ഒൻപത് വരെയുള്ള കണക്കുകൾ പ്രകാരം, ഉപരോധം ലംഘിക്കാൻ ശ്രമിച്ച 55 വാണിജ്യ കപ്പലുകൾ അമേരിക്ക വഴിതിരിച്ചുവിട്ടതായും രണ്ട് കപ്പലുകളിൽ പരിശോധന നടത്തിയതായും യുഎസ് സൈനിക കമാൻഡ് വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ പുതിയ ഷിപ്പിങ് പാതകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള കരാർ അന്തിമഘട്ടത്തിലാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി അറിയിച്ചു.
എന്നാൽ, ജലപാത തുറക്കുന്നതിന് അമേരിക്ക തങ്ങളുടെ നിബന്ധനകൾ പാലിക്കണമെന്നാണ് ഇറാന്റെ നിലപാട്. ഇറാൻ തങ്ങളുടെ വാഗ്ദാനങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമേ ഉപരോധം പിൻവലിക്കുന്ന കാര്യം പരിഗണിക്കൂവെന്നാണ് അമേരിക്കയുടെ നിലപാട്.





