നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിംസ്’ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖറും ജോം വർഗീസും ചേർന്നാണ് നിർമിക്കുന്നത്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പാൻ ഇന്ത്യൻ റിലീസായി എത്തും. ചിത്രത്തിന്റെ വലിപ്പത്തിനും മെഗാ കാൻവാസിനും അർഹിക്കുന്ന തരത്തിലുള്ള റിലീസ് ഉറപ്പാക്കാനാണ് പുതിയ തീയതി തെരഞ്ഞെടുത്തതെന്ന് ദുൽഖർ വ്യക്തമാക്കി.ഓഗസ്റ്റ് 20ന് ഓണം റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രം സെപ്റ്റംബർ 3ലേക്ക് മാറ്റിയതോടെയാണ് മത്സരം മാറുന്നത്. കൂടുതൽ വിപുലമായ ആഗോള റിലീസ് ഒരുക്കുന്നതിനായാണ് ചിത്രത്തിന്റെ റിലീസ് തീയതി രണ്ടാഴ്ചത്തേക്ക് നീട്ടിയതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ഇതിനോടകം പുറത്തിറങ്ങിയ ട്രെയ്ലറിനും ആദ്യ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്റ്റൈലിഷ് ദൃശ്യങ്ങളും ആക്ഷൻ, ചേസ് രംഗങ്ങളും നിറഞ്ഞ ട്രെയ്ലർ ചിത്രത്തിന്റെ വമ്പൻ തീയേറ്റർ അനുഭവത്തിന്റെ സൂചന നൽകിയിരുന്നു. ഓണം റിലീസ് മത്സരത്തിൽ നിന്ന് മാറി കൂടുതൽ വലിയ റിലീസിലേക്ക് നീങ്ങുന്ന ചിത്രം സെപ്റ്റംബർ 3ന് പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോൾ ദുൽഖർ ആരാധകരും സിനിമാപ്രേമികളും വലിയ പ്രതീക്ഷയിലാണ്.





