കിഴക്കൻ ഇൻഡൊനീഷ്യയിലെ ഫ്ളോറസ് ദ്വീപിൽ റിക്‌ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. യുഎസ് ജിയോളജിക്കൽ സർവേയും ഇൻഡൊനീഷ്യൻ അധികൃതരുമാണ് ഭൂചലനത്തിന്റെ തീവ്രത സ്ഥിരീകരിച്ചത്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു.
ഇൻഡൊനീഷ്യൻ സമയം ശനിയാഴ്ച പുലർച്ചെ 5.58നാണ് ഭൂചലനം ഉണ്ടായത്. ഇന്ത്യൻ സമയം പുലർച്ചെ 3.28നായിരുന്നു ഇത്. ഫ്ളോറസ് ദ്വീപിന്റെ വടക്കൻ തീരത്താണ് പ്രഭവകേന്ദ്രം. ആദ്യം 6.1 തീവ്രതയിലുള്ള ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെയാണ് കൂടുതൽ ശക്തമായ പ്രകമ്പനം ഉണ്ടായത്.
ഭൂചലനത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചില കെട്ടിടങ്ങൾ തകരുകയും ചെയ്തു. നൂറുകണക്കിന് ആളുകളെ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ കടലിൽ അരമീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. പ്രഭവകേന്ദ്രത്തിൽനിന്ന് ഏകദേശം 2400 കിലോമീറ്റർ അകലെയുള്ള മൗമറേ പട്ടണത്തിലെ ജനങ്ങളെയും ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റിയതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.





