സ്ഥലപരിമിതിയും ഉയർന്ന വസ്തുവിലയും വർധിച്ചുവരുന്ന ജനത്തിരക്കും നേരിടുന്ന മുംബൈക്ക് ആശ്വാസമായി പുതിയ നഗരവികസന പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. ‘മുംബൈ 3.0’ എന്ന് പേരിട്ട കർണാല–സായ്–ചിർനർ പദ്ധതിയിലൂടെ മുംബൈയുടെ വികസനം റായ്ഗഡ് മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ലക്ഷ്യം.
റായ്ഗഡ് ജില്ലയിലെ ഉറാൻ, പൻവേൽ, പെൻ താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന 124 ഗ്രാമങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ നഗരം. 323.44 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ആസൂത്രിത നഗരവികസനം നടപ്പാക്കുക. മുംബൈ മെട്രോപൊളിറ്റൻ റീജിയണൽ ഡെവലപ്മെന്റ് അതോറിറ്റിക്കാണ് വികസന ചുമതല.
അടൽ സേതു യാഥാർഥ്യമായതോടെ മുംബൈയും റായ്ഗഡ് മേഖലയുമായുള്ള യാത്രാദൂരം കുറഞ്ഞത് പദ്ധതിക്ക് ഗുണകരമാണ്. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായാണ് പുതിയ നഗരം വരുന്നത്. പൻവേൽ–കർജത് റെയിൽവേ ഇടനാഴി, വിരാർ–അലിബാഗ് മൾട്ടിമോഡൽ കോറിഡോർ, മുംബൈ–പുണെ എക്സ്പ്രസ് വേ എന്നിവയുടെ സാമീപ്യവും ഗതാഗതസൗകര്യം വർധിപ്പിക്കും.
താമസകേന്ദ്രം മാത്രമല്ല, തൊഴിലവസരങ്ങളും താമസസൗകര്യങ്ങളും ഒരുമിച്ച് ലഭ്യമാകുന്ന സാമ്പത്തിക കേന്ദ്രമായാണ് ‘മുംബൈ 3.0’ വിഭാവനം ചെയ്തിരിക്കുന്നത്. ഐടി പാർക്കുകൾ, സാമ്പത്തിക സേവന കേന്ദ്രങ്ങൾ, ഡാറ്റാ സെന്ററുകൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാകും. ജോലിക്കായി ദീർഘദൂരം യാത്ര ചെയ്യേണ്ട സാഹചര്യം കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം.





