പെറുവിന്റെ തെക്കൻ ആൻഡീസ് മേഖലയിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഇക്ക, അരെക്വിപ, ഹുവാൻകാവെലിക്ക, അപുരിമാക്, കുസ്‌കോ തുടങ്ങിയ തെക്കൻ മേഖലകളിലും തലസ്ഥാനമായ ലിമയിലും പ്രകമ്പനം അനുഭവപ്പെട്ടു. പരിനകോച്ചസ് പ്രവിശ്യയിലെ കൊറക്കോറയിൽ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെ രണ്ട് പേർക്ക് പരിക്കേറ്റു.
നിരവധി ജില്ലകളിലായി 22 വീടുകൾക്കും ആറ് ആരോഗ്യകേന്ദ്രങ്ങൾക്കും ഒരു സ്കൂളിനും നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.





