അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; ഡിപിആർ സർക്കാരിന് സമർപ്പിച്ചു

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടുന്നതിനുള്ള മൂന്നാംഘട്ട പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്കാണ് പുതിയ മെട്രോ പാത നിർമിക്കുക. പാതയുടെ ഒരു ഭാഗം ഭൂഗർഭമായിരിക്കും.

ആലുവ മുതൽ അങ്കമാലി വരെ 18 കിലോമീറ്ററാണ് ദൂരം. ഇതിൽ ഏകദേശം മൂന്ന് കിലോമീറ്റർ ഭൂഗർഭപാതയായിരിക്കും. പുതിയ പാതയിൽ എത്ര സ്റ്റേഷനുകളുണ്ടാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പദ്ധതിക്ക് കേന്ദ്രാനുമതി നേടുകയാണ് ഇനി പ്രധാന ഘട്ടം. സംസ്ഥാന സർക്കാർ ഡിപിആർ കേന്ദ്രത്തിന് സമർപ്പിക്കും. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സാമ്പത്തിക അനുമതി ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ.

നിലവിൽ ആലുവയിൽനിന്ന് തൃപ്പൂണിത്തുറയിലേക്ക് 27 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ പാതയിൽ സർവീസ് നടത്തുന്നുണ്ട്. കലൂരിൽനിന്ന് ഇൻഫോപാർക്കിലേക്കുള്ള മെട്രോ പാതയുടെ നിർമാണവും പുരോഗമിക്കുകയാണ്. ഈ പാത അടുത്ത വർഷം ഓഗസ്റ്റോടെ പൂർത്തിയാക്കാനാണ് പ്രതീക്ഷ. മൂന്നാംഘട്ടം യാഥാർഥ്യമായാൽ തൃപ്പൂണിത്തുറയിൽനിന്ന് മെട്രോയിൽ കയറി നേരിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താനാകും. അങ്കമാലിയിൽനിന്ന് കൊച്ചിയിലേക്ക് പ്രതിദിനം യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്കും പദ്ധതി ഏറെ പ്രയോജനപ്പെടും. നാലാംഘട്ടത്തിൽ തൃപ്പൂണിത്തുറയിൽനിന്ന് ഇരുമ്പൻ വഴി കാക്കനാട്ടേക്ക് സർക്കുലർ മെട്രോ പാത ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *