കണ്ണൂർ സർവകലാശാലയിൽ ഗവർണർ ഉദ്ഘാടനം ചെയ്ത ഫോക്‌ലോർ ആർട്ട് ഗാലറിയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ. ജൂൺ ഒന്നിന് ഉദ്ഘാടനം ചെയ്ത ഗാലറിയിൽ സൂക്ഷിച്ചിരുന്ന അമൂല്യമായ കലാവസ്തുക്കൾ ഉദ്ഘാടനത്തിന് പിന്നാലെ കാണാതായെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സർവകലാശാല അധികൃതർക്കെതിരെ ചോദ്യങ്ങൾ ഉയരുകയാണ്.
കാണാതായ അമൂല്യ വസ്തുക്കൾക്ക് പകരം പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് ശിൽപങ്ങൾ നിർമിച്ച് ഗാലറി പുനഃക്രമീകരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ആരോപണമുണ്ട്. ഇതോടെ ഗാലറിയുടെ സംരക്ഷണത്തിലും വസ്തുക്കളുടെ സുരക്ഷയിലും വീഴ്ച സംഭവിച്ചോ എന്നതടക്കമുള്ള സംശയങ്ങൾ ശക്തമായി.
സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഔദ്യോഗികമായി സമീപിച്ചിട്ടും സർവകലാശാല അധികൃതർ മറുപടി നൽകുന്നില്ലെന്നാണ് ആരോപണം. അമൂല്യ വസ്തുക്കൾ എവിടെ പോയി, അവയ്ക്ക് പകരം ശിൽപങ്ങൾ നിർമിക്കാനുള്ള നീക്കത്തിന് പിന്നിലെന്ത് തുടങ്ങിയ ചോദ്യങ്ങൾക്ക് അധികൃതർ വ്യക്തത നൽകേണ്ടതുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.





