കൊച്ചിയിൽ സ്വകാര്യ ബസുകൾക്കെതിരെ മിന്നൽ പരിശോധന; 81 വാഹനങ്ങൾക്കെതിരെ നടപടി

കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിങ്ങും മോശം പെരുമാറ്റവും വർധിക്കുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 81 വാഹനങ്ങൾക്കെതിരെ നടപടി. 110 വാഹനങ്ങൾ പരിശോധിച്ചതിൽ നിയമലംഘനം കണ്ടെത്തിയവരിൽ നിന്ന് 1,21,250 രൂപ പിഴ ഈടാക്കി. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

നഗരത്തിലെ പ്രധാന മേഖലകൾ കേന്ദ്രീകരിച്ച് നാല് പ്രത്യേക സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്. ആലുവ, കളമശേരി, ചിറ്റൂർ, മാമംഗലം, കച്ചേരിപ്പടി, കോമ്പാറ, മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, പനമ്പിള്ളിനഗർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായിരുന്നു പരിശോധന. റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തിയ വാഹനങ്ങൾ, സാധുവായ ഡ്രൈവിങ് ലൈസൻസില്ലാതെ ബസ് ഓടിച്ച ഡ്രൈവർമാർ, കണ്ടക്ടർ ലൈസൻസില്ലാതെ ജോലി ചെയ്ത ജീവനക്കാർ എന്നിവർക്കെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചത്.

യാത്രക്കാരെയും മറ്റ് വാഹനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഉച്ചത്തിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിച്ച ബസുകൾക്കെതിരെയും കേസെടുത്തു. റോഡിനു നടുവിൽ ബസ് നിർത്തി ഗതാഗത തടസ്സമുണ്ടാക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടിയുണ്ടാകുമെന്ന് ആർ.ടി.ഒ. അറിയിച്ചു. പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാർക്ക് വഴിനൽകാതെ ബസ് മുന്നോട്ടെടുക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. സ്വകാര്യ ബസുകളുടെ നിയമലംഘനവും അപകടകരമായ ഡ്രൈവിങ്ങും തടയാൻ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *