ഐ.എസ്.ആർ.ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-05 വഹിച്ച ജി.എസ്.എൽ.വി.-എഫ്17 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം. ഉപഗ്രഹത്തെ സബ് ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ വിജയകരമായി എത്തിച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ഈ സാമ്പത്തികവർഷത്തെ ഐ.എസ്.ആർ.ഒയുടെ ആദ്യ വിജയകരമായ വിക്ഷേപണമാണിതെന്ന് ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു. ഈ വർഷം ആറ് വിക്ഷേപണങ്ങൾ കൂടി നടത്താനാണ് ലക്ഷ്യമിടുന്നതെന്നും ഗഗൻയാന്റെ ആളില്ലാ ദൗത്യത്തിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജി.ഐ.എസ്.എ.ടി.-1എ എന്ന പേരിലും അറിയപ്പെടുന്ന ഇ.ഒ.എസ്.-05, ഇന്ത്യയുടെ ഭൗമനിരീക്ഷണ സംവിധാനത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഉപഗ്രഹമാണ്. സാധാരണ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യസ്തമായി, ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ഭ്രമണപഥത്തിലാണ് ഉപഗ്രഹം പ്രവർത്തിക്കുക. അതിനാൽ ഒരു പ്രദേശത്ത് മാത്രം കേന്ദ്രീകരിക്കുന്നതിന് പകരം വിശാലമായ ഭൂപ്രദേശങ്ങളെ ഒരേ സ്ഥാനത്തുനിന്ന് തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കും.
ചുഴലിക്കാറ്റ്, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ നിരീക്ഷണത്തിലും മുന്നറിയിപ്പ് സംവിധാനങ്ങളിലും ഇ.ഒ.എസ്.-05 നിർണായക പങ്കുവഹിക്കും. മണിക്കൂറുകളുടെ ഇടവേളയിൽ ലഭിക്കുന്ന ചിത്രങ്ങൾക്ക് പകരം, ഒരേ പ്രദേശത്തെ സാഹചര്യങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയിലും നിരീക്ഷിക്കാൻ ഉപഗ്രഹത്തിന്റെ സഹായത്തോടെ സാധിക്കും. അതിർത്തി സുരക്ഷ, പരിസ്ഥിതി നിരീക്ഷണം, കാർഷിക മേഖല തുടങ്ങിയ രംഗങ്ങളിലും ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ പ്രയോജനപ്പെടുത്താനാകും.





