വിദേശത്തുനിന്ന് കേരളത്തിലേക്ക് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് എത്തിക്കാൻ മലയാളികൾ കള്ളപ്പണം നിക്ഷേപിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. രാജ്യത്തെ ഹൈബ്രിഡ് കഞ്ചാവ് വിതരണത്തിലെ പ്രധാന ഏജന്റുമാരാണ് പെരുമ്പാവൂരിൽ പിടിയിലായ ദമ്പതികളെന്നും അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ഹവാല, ബിനാമി ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും ഇ.ഡി. പരിശോധിക്കുന്നുണ്ട്.
പെരുമ്പാവൂരിൽ ഡാൻസാഫ് സംഘം 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിന്റെ തുടർ അന്വേഷണത്തിലാണ് കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ഇതിന്റെ ഭാഗമായി പാലക്കാട് സ്വദേശികളായ അബു താഹിർ, ഹരികൃഷ്ണൻ, കോഴിക്കോട് സ്വദേശികളായ ജഗത്ത്, ജെയ്സൽ എന്നിവരുടെ വീടുകളിൽ ഇ.ഡി. റെയ്ഡ് നടത്തി. മുണ്ടൂർ, വീരമംഗലം, താമരശ്ശേരി, എരിഞ്ഞപ്പാലം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ബാങ്ക് രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു.
തായ്ലാൻഡിൽനിന്നാണ് ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വിദേശത്തേക്ക് ആളുകളെ ഏജന്റുമാരായി റിക്രൂട്ട് ചെയ്ത് കഞ്ചാവുമായി കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്നതാണ് സംഘത്തിന്റെ രീതി. കൊച്ചി വിമാനത്താവളത്തിലെ പരിശോധന മറികടന്നെത്തുന്ന കഞ്ചാവ് വിമാനത്താവളത്തിന് പുറത്ത് മറ്റൊരു സംഘം ഏറ്റുവാങ്ങി വിതരണശൃംഖലയിലേക്ക് എത്തിക്കും. ആയുഷും ഭാര്യ അനിഖയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണികളായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.





