ഇറാനിലെ പിക്ആക്സ് മൗണ്ടനിലെ ഭൂഗർഭ ആണവകേന്ദ്രത്തിൽ 2026ൽ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി ഉപഗ്രഹചിത്ര വിശകലനം. ആറ് വർഷത്തെ ചിത്രങ്ങൾ പരിശോധിച്ച CSIS വിദഗ്ധരാണ് റോഡ് നിർമാണം, തുരങ്ക പ്രവേശന കവാടങ്ങളുടെ സുരക്ഷ വർധിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കണ്ടെത്തിയത്. നതാൻസ് ആണവ സമുച്ചയത്തിന് സമീപമുള്ള ഈ കേന്ദ്രം ഇറാന്റെ ഭാവി ആണവപദ്ധതികൾക്കായുള്ള സുരക്ഷിത താവളമാകാമെന്നാണ് വിലയിരുത്തൽ.
എന്നാൽ പിക്ആക്സ് കേന്ദ്രം നിലവിൽ യുറേനിയം സമ്പുഷ്ടീകരണത്തിന് പൂർണമായി സജ്ജമായിട്ടില്ലെന്നാണ് CSIS പറയുന്നത്. അതേസമയം, സെൻട്രിഫ്യൂജുകൾ ഇവിടേക്ക് മാറ്റാൻ ഇറാൻ ശ്രമിക്കുന്നുണ്ടാകാമെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്രം ആക്രമിക്കാനുള്ള സാധ്യത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവർത്തിച്ച് സൂചിപ്പിച്ചിട്ടുണ്ട്.
പർവതത്തിനുള്ളിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ നിലവിലെ ബങ്കർ തകർക്കുന്ന ബോംബുകൾക്ക് പോലും കേന്ദ്രം വലിയ വെല്ലുവിളിയാണെന്നാണ് വിലയിരുത്തൽ. കൂടുതൽ ആഴത്തിലുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ ശേഷിയുള്ള പുതിയ തലമുറ പെനട്രേറ്റർ ബോംബ് വികസിപ്പിക്കാൻ അമേരിക്ക ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.





