ക്ലാസിൽ തലകറങ്ങി കുഴഞ്ഞുവീണ വിദ്യാർഥിയോട് അധ്യാപിക ക്രൂരമായി പെരുമാറിയെന്ന ആരോപണം. ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യു.പി. സ്കൂളിലെ അധ്യാപിക സിസ്റ്റർ ലിൻഡോ ജോസിനെതിരെയാണ് പരാതി. ആരോഗ്യപ്രശ്നങ്ങളുള്ള വിദ്യാർഥി ക്ലാസിൽ അബോധാവസ്ഥയിലായപ്പോഴാണ് അധ്യാപിക ‘നീ ഇതുവരെ ചത്തില്ലേ?’ എന്ന് ചോദിച്ചതെന്നാണ് ആരോപണം. കുട്ടിയെ അധ്യാപിക ചവിട്ടിയെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
വിദ്യാർഥിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും സ്കൂൾ അധികൃതർക്ക് നേരത്തെ തന്നെ വിവരമുണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, ആരോപണവിധേയയായ അധ്യാപിക രണ്ട് ദിവസം മുമ്പ് മാത്രമാണ് സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. സംഭവത്തിൽ അധ്യാപികയുടെ പെരുമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും സാധാരണ രീതിയിലാണ് ഇടപെട്ടതെന്നുമാണ് അധ്യാപികയുടെ വിശദീകരണം. കുട്ടിയെ മർദിച്ചിട്ടില്ലെന്നും ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപിക വ്യക്തമാക്കി. അതേസമയം, തന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അധ്യാപിക സമ്മതിച്ചിട്ടുണ്ട്.





