കിടപ്പുരോഗികൾക്ക് വീട്ടിലെത്തും റേഷൻ; ‘ഒപ്പം’ പദ്ധതി വിപുലീകരിക്കാൻ സർക്കാർ

കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം’ പദ്ധതി കൂടുതൽ വിപുലീകരിക്കാൻ സർക്കാർ. ഗുണഭോക്താക്കളുടെ എണ്ണം വർധിപ്പിച്ച് ഭക്ഷ്യവിതരണം കൂടുതൽ കാര്യക്ഷമമാക്കാനാണ് തീരുമാനം. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ വിപുലീകരണം വിവരശേഖരണം പൂർത്തിയാകാൻ സമയമെടുക്കുമെന്നതിനാൽ തത്കാലം മാറ്റിവെച്ചിരുന്നു.

തദ്ദേശ-ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ കണക്കെടുപ്പിലാണ് റേഷൻ കടയിലെത്താൻ സഹായം ആവശ്യമായ 2669 കിടപ്പുരോഗികളെ കണ്ടെത്തിയത്. ആശാവർക്കർമാർ, വാർഡ് മെമ്പർമാർ, പാലിയേറ്റീവ് വിഭാഗം എന്നിവരുടെ സഹായത്തോടെ കണ്ടെത്തിയ 23,968 കിടപ്പുരോഗികളിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. നിലവിൽ ‘ഒപ്പം’ പദ്ധതിയിൽ 499 പേരാണ് ഗുണഭോക്താക്കളായുള്ളത്.

പദ്ധതി പല മേഖലകളിലും കാര്യക്ഷമമായി നടപ്പാകുന്നില്ലെന്ന വിലയിരുത്തലും ഭക്ഷ്യവകുപ്പിനുണ്ട്. പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി പദ്ധതി കൂടുതൽ സജീവമാക്കാനാണ് നീക്കം. സന്നദ്ധസംഘടനകൾ, തദ്ദേശസ്ഥാപനങ്ങൾ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ അർഹരായ കിടപ്പുരോഗികളുടെ വീടുകളിൽ റേഷൻ എത്തിക്കുന്ന സംവിധാനമാണ് പരിഗണിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *