ലഡാക്കിന് പ്രത്യേക പദവി; ആർട്ടിക്കിൾ 371 ഭേദഗതിക്ക് കേന്ദ്ര നീക്കം

ലഡാക്കിന് ഭരണഘടനാപരമായ പ്രത്യേക സംരക്ഷണം നൽകുന്നതിനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. ഭരണഘടനയിലെ ആർട്ടിക്കിൾ 371 പ്രകാരം ലഡാക്കിന് പ്രത്യേക പദവി നൽകാനും നിയമനിർമാണ, സാമ്പത്തിക അധികാരങ്ങളുള്ള തിരഞ്ഞെടുക്കപ്പെട്ട സമിതി രൂപീകരിക്കാനുമാണ് നീക്കം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനത്തിന് കേന്ദ്രം ആലോചിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ലഡാക്ക് സബ്‌കമ്മിറ്റിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തമ്മിൽ കഴിഞ്ഞദിവസം നടന്ന യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നതായി ലഡാക്ക് ചീഫ് സെക്രട്ടറി ആഷിഷ് കുന്ദ്ര വ്യക്തമാക്കി. മണ്ഡലങ്ങളിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന സമിതിക്കായിരിക്കും നിയമനിർമാണ, സാമ്പത്തിക അധികാരങ്ങൾ നൽകുക. ഒക്ടോബറിൽ നടക്കുന്ന അടുത്ത യോഗത്തിന് മുൻപ് ആർട്ടിക്കിൾ 371 ഭേദഗതിയുടെ കരട് ആഭ്യന്തര മന്ത്രാലയം തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ തിരഞ്ഞെടുക്കപ്പെട്ട സമിതി നിലവിൽ വരുമെങ്കിലും ലഡാക്കിനെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാക്കി മാറ്റില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ചില സംസ്ഥാനങ്ങളുടെ പ്രത്യേക പ്രാദേശിക, സാമൂഹിക ആവശ്യങ്ങൾ പരിഗണിച്ച് ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ആർട്ടിക്കിൾ 371. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ വിഭജിച്ച് ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയിരുന്നു. തുടക്കത്തിൽ കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത ലഡാക്കുകാർ പിന്നീട് ഉദ്യോഗസ്ഥ ഭരണത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി പ്രത്യേക ഭരണഘടനാ സംരക്ഷണം വേണമെന്ന ആവശ്യം ലഡാക്കിൽ ശക്തമാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *