യുക്രൈനിലെ സുമിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മരുന്ന് നിർമാണ കമ്പനിയായ കുസും ഫാർമയുടെ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്ലാന്റിന് വ്യാപകമായ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ഏകദേശം 400 കോടി രൂപയുടെ നഷ്ടമുണ്ടായതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യക്കാരനായ രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും ഫാർമ 2009 മുതൽ സുമിയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്. 50-ലേറെ ജനറിക് മരുന്നുകൾ നിർമിക്കുന്ന സ്ഥാപനം യുക്രൈനു പുറമെ ഉസ്ബെക്കിസ്താൻ, കസാക്കിസ്താൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ആക്രമണത്തെ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കി അപലപിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, സുമിയിലെ ഫാർമസ്യൂട്ടിക്കൽ വെയർഹൗസിന് നേരെയും റഷ്യ ഡ്രോൺ ആക്രമണം നടത്തിയതായി എക്സിൽ കുറിച്ചു.
രാത്രിയിൽ യുക്രൈനിലേക്ക് റഷ്യ 135 ആക്രമണ ഡ്രോണുകൾ വിക്ഷേപിച്ചതായും സെലെൻസ്കി അറിയിച്ചു. കീവിലെ പിവ്നിച്നി പാലത്തിനും ഡിനിപ്രോയിലെ കമ്യൂണിക്കേഷൻ കേന്ദ്രത്തിനും നേരെയും ആക്രമണമുണ്ടായതായി അദ്ദേഹം പറഞ്ഞു. റഷ്യൻ സൈന്യം ഷഹെദ് ഉൾപ്പെടെയുള്ള ഡ്രോണുകൾ ഉപയോഗിച്ച് യുക്രൈനിൽ നിരന്തര ആക്രമണം നടത്തുന്നതായാണ് റിപ്പോർട്ട്. ഡ്രോണുകളുടെ വേഗതയും വ്യാപകമായ ഉപയോഗവും യുക്രൈന്റെ വ്യോമ പ്രതിരോധത്തിന് വലിയ വെല്ലുവിളിയാകുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.






