അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്ലർ പാർട്ടി Deux’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം ‘ശിശിരമോ’ പുറത്തിറങ്ങി. ക്രിസ്റ്റോ സേവ്യർ സംഗീതം നൽകിയ ഗാനത്തിന് വിനായക് ശശികുമാറാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലൻ ആലപിച്ച ഗാനം ലിറിക്കൽ വീഡിയോയായാണ് പുറത്തുവിട്ടത്. നേരത്തെ പുറത്തിറങ്ങിയ ആദ്യ ഗാനം ‘വാഴ്വേ മായം’ ശ്രദ്ധ നേടിയിരുന്നു. നവംബർ 19-നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.
കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, നസ്ലൻ, സൗബിൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. നദിയ, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക, പാരിസ് ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. താരങ്ങളെ ഉൾപ്പെടുത്തി പുറത്തിറങ്ങിയ പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
2012-ൽ പുറത്തിറങ്ങി തരംഗമായ ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗം 14 വർഷങ്ങൾക്കിപ്പുറം പുതിയ കാലത്തിന്റെ ജെൻ സി പശ്ചാത്തലത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ ശൈലിയിലുള്ള ഫസ്റ്റ് ലുക്കും വലിയ ശ്രദ്ധ നേടിയിരുന്നു. ആദ്യഭാഗം കൾട്ട് ക്ലാസിക്കായി മാറിയതോടെ രണ്ടാം ഭാഗത്തിനായുള്ള പ്രേക്ഷക പ്രതീക്ഷകളും ഉയർന്നിരിക്കുകയാണ്.






