ആറുവരിപ്പാതയിൽ ഗതാഗതനിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കി മോട്ടോർവാഹന വകുപ്പ്. പുതിയ പാതയിൽ അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ 24 മണിക്കൂറും പരിശോധന ആരംഭിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി മൂന്ന് പ്രത്യേക സ്ക്വാഡുകളെയാണ് പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
ഒരു എം.വി.ഐയും രണ്ട് എ.എം.വി.ഐമാരും ഉൾപ്പെടുന്ന സ്ക്വാഡുകൾ രാമനാട്ടുകര മുതൽ പൊന്നാനി കാപ്പിരിക്കാട് വരെയുള്ള ദേശീയപാതയിൽ പരിശോധന നടത്തും. എക്സിറ്റ്, എൻട്രി ഭാഗങ്ങളിലൂടെ തെറ്റായ രീതിയിൽ പാതയിലേക്ക് പ്രവേശിക്കുക, റോഡിൽ വാഹനങ്ങൾ നിർത്തിയിടുക, തെറ്റായ ലെയ്നിലൂടെ സഞ്ചരിക്കുക, അമിതവേഗം തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ഇതിനകം എക്സിറ്റ് വഴി ആറുവരിപ്പാതയിലേക്ക് പ്രവേശിച്ച ഏഴ് വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവർക്ക് പിഴ ചുമത്തുന്നതിനും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനും ശുപാർശ നൽകിയിട്ടുണ്ട്. അതേസമയം, ദേശീയപാതയിൽ വാഹനം കേടാകുന്നവർക്കും അടിയന്തര സാഹചര്യങ്ങളിൽപ്പെടുന്ന യാത്രക്കാർക്കും സഹായവുമായി മോട്ടോർവാഹന വകുപ്പ് രംഗത്തുണ്ടാകും. എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലാണ് പരിശോധന.






