ശൈത്യകാലം ശക്തമായതോടെ ഉത്തരേന്ത്യയിലും പാകിസ്താനിലും വായുമലിനീകരണം രൂക്ഷമാകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ. ‘മോഡിസ്’ ഉപഗ്രഹം പകർത്തിയ ചിത്രത്തിൽ പാകിസ്താൻ മുതൽ ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിലൂടെ കിഴക്കൻ മേഖലകളിലേക്ക് വ്യാപിച്ചുകിടക്കുന്ന കട്ടിയുള്ള പുകമഞ്ഞിന്റെ പാളി വ്യക്തമാണ്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മലിനീകരണം പ്രധാനമായും വ്യാപിച്ചിരിക്കുന്നത്. മഞ്ഞുമൂടിയ ഹിമാലയവും പുകമഞ്ഞ് നിറഞ്ഞ സമതലപ്രദേശങ്ങളും തമ്മിലുള്ള വ്യത്യാസവും ചിത്രത്തിൽ കാണാം. കൃഷിയിടങ്ങളിൽ വൈക്കോൽ കത്തിക്കുന്നതിന്റെ സൂചനകളായ നിരവധി തീപിടിത്ത സാന്നിധ്യങ്ങളും ഉപഗ്രഹം രേഖപ്പെടുത്തിയിട്ടുണ്ട്.
തണുത്ത കാലാവസ്ഥയും കാറ്റിന്റെ വേഗതക്കുറവും മലിനവായു അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ കാരണമാകുന്നു. വൈക്കോൽ കത്തിക്കൽ, വാഹനപ്പുക, വ്യാവസായിക മലിനീകരണം, നിർമാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടി എന്നിവയും സ്ഥിതി രൂക്ഷമാക്കുകയാണ്.






