വ്യാജ കോടതി ഉത്തരവിൽ 129 വാതുവെപ്പ് വെബ്സൈറ്റുകൾക്ക് വിലക്ക്; അന്വേഷണം ആരംഭിച്ചു

രാജസ്ഥാൻ, അലഹബാദ് ഹൈക്കോടതികളുടെ പേരിൽ വ്യാജ ഉത്തരവുകൾ സമർപ്പിച്ചതിനെത്തുടർന്ന് രാജ്യത്ത് 129 വാതുവെപ്പ് വെബ്സൈറ്റുകൾക്ക് കേന്ദ്ര ടെലികോം വകുപ്പ് വിലക്കേർപ്പെടുത്തി. കോടതികളുടെ നിർദേശമെന്ന വ്യാജേനയാണ് ഇന്റർനെറ്റ് സേവനദാതാക്കളോട് വെബ്സൈറ്റുകൾ തടയാൻ ആവശ്യപ്പെട്ടത്. സംഭവത്തിൽ ഉത്തർപ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചു. രാജസ്ഥാൻ ഹൈക്കോടതിയും ഉത്തരവ് വ്യാജമാണെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

ജൂലൈ 21, സെപ്റ്റംബർ 2 തീയതികളിലാണ് വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനുള്ള നിർദേശങ്ങൾ നൽകിയത്. ഇതോടൊപ്പം നൽകിയ കോടതി ഉത്തരവുകളുടെ പകർപ്പുകൾ പരിശോധിച്ചപ്പോഴാണ് അവയുടെ ആധികാരികതയിൽ സംശയമുയർന്നത്. അലഹബാദ് ഹൈക്കോടതിയുടെ പേരിൽ ഓഗസ്റ്റ് 14-ന് പുറപ്പെടുവിച്ചതായി കാണിച്ച ഉത്തരവും വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് നവംബർ ആറിന് കോടതി പോലീസിൽ പരാതി നൽകി. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി തിരിച്ചറിയാത്തവർക്കെതിരെ കേസെടുത്തു.

കോടതിയുടെ ലോഗോ, മുദ്ര, ക്യുആർ കോഡ് എന്നിവ ഉൾപ്പെടുത്തിയാണ് വ്യാജ ഉത്തരവുകൾ തയ്യാറാക്കിയത്. ജസ്റ്റിസ് ഗരിമ പ്രസാദിന്റെ പേരും ഇതിൽ ഉപയോഗിച്ചിരുന്നു. എന്നാൽ ഇത്തരമൊരു ഉത്തരവ് ജഡ്ജി പുറപ്പെടുവിച്ചിട്ടില്ലെന്ന് അവരുടെ ഓഫീസ് വ്യക്തമാക്കി. വ്യാജരേഖകൾ തയ്യാറാക്കാൻ നിർമിതബുദ്ധി ഉപയോഗിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *