മണ്ണിടിച്ചിൽ ഭീഷണിയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് ഇടുക്കി; പശ്ചിമഘട്ടത്തിൽ പ്രളയസാധ്യത ആയിരം ശതമാനം വർധിച്ചു

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളിൽ പ്രകൃതിക്ഷോഭങ്ങളുടെ തീവ്രത വർധിക്കുന്നതായി പഠനറിപ്പോർട്ട്. മണ്ണിടിച്ചിൽ സാധ്യത കൂടുതലുള്ള പ്രദേശങ്ങളുടെ പട്ടികയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് ഇടുക്കിയെന്ന് വിധി സെന്റർ ഫോർ ലീഗൽ പോളിസി നടത്തിയ പഠനത്തിൽ കണ്ടെത്തി. കഴിഞ്ഞ 50 വർഷത്തിനിടെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളിൽ പ്രളയഭീഷണി ആയിരം ശതമാനം വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ മറ്റ് മേഖലകളിൽ പ്രളയസാധ്യതയിലെ വർധന 410 ശതമാനം മാത്രമാണ്. പശ്ചിമഘട്ടത്തിന്റെ ഗുരുതരമായ പാരിസ്ഥിതിക ഭീഷണിയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ആറ് സംസ്ഥാനങ്ങളിലായി 47 ജില്ലകളിലാണ് പഠനം നടത്തിയത്. 1990-നും 2010-നുമിടയിൽ ഈ ജില്ലകളിലെല്ലാം കുറഞ്ഞത് ഒരു പ്രളയമെങ്കിലും ഉണ്ടായതായും പഠനത്തിൽ കണ്ടെത്തി.

കേരളത്തിലെ പശ്ചിമഘട്ട മേഖലയിൽ മാത്രം ഇക്കാലയളവിൽ 40.8 ശതമാനം പ്രളയസാധ്യത രേഖപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്. പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്രസർക്കാർ ഇതുവരെ പുറത്തിറക്കിയിട്ടില്ല. പരിസ്ഥിതിലോല പ്രദേശങ്ങളുടെ സംരക്ഷണവും ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള നടപടികളും കൂടുതൽ പ്രാധാന്യമർഹിക്കുന്നതാണ് പഠനത്തിലെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *