മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഷാജി പാപ്പന്റെയും ടീമിന്റെയും തിരിച്ചുവരവിന് ഒടുവിൽ തീയതി കുറിച്ചു. മിഥുൻ മാനുവൽ തോമസ് – ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ആട് 3’ മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് ‘ആട് 3’യുടെ റിലീസ് മാറ്റിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ട് നിർമ്മാതാക്കൾ സിനിമയുടെ റിലീസ് തീയതി വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. പ്രഖ്യാപിച്ചതുപോലെ തന്നെ മാർച്ച് 19-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
മുൻപത്തെ രണ്ട് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി വലിയൊരു ക്യാൻവാസിലാണ് മൂന്നാം ഭാഗം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും നൽകുന്ന സൂചനയനുസരിച്ച് ടൈം ട്രാവൽ പ്രമേയമാക്കിയുള്ള ഒരു ഫാന്റസി കോമഡി ചിത്രമായിരിക്കും ഇത്. “ഭൂതകാലം വർത്തമാനമാകുമ്പോൾ, ഭാവി ഭൂതകാലത്തെ മാറ്റുന്നു” എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്.
