മലയാള സിനിമയുടെ ചരിത്രത്തിൽ ചില കൂട്ടുകെട്ടുകൾക്ക് ഒരു പ്രത്യേക തിളക്കമുണ്ട്. കാലം മാറിയാലും പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു മാജിക്ക് അവയിൽ ഒളിഞ്ഞിരിക്കും. അത്തരത്തിലുള്ള ഏറ്റവും ശക്തമായ കൂട്ടുകെട്ടുകളിൽ ഒന്നാണ് സംവിധായകൻ പ്രിയദർശനും നടൻ മോഹൻലാലും. വർഷങ്ങളായി അനവധി ഓർമകളും ഹിറ്റ് സിനിമകളും സമ്മാനിച്ച ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ പോകുന്നു—അതും പ്രിയദർശന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായ നൂറാം സിനിമയ്ക്കായി.
നൂറ് സിനിമകൾ എന്ന അപൂർവ നേട്ടത്തിലേക്ക് എത്തുന്ന പ്രിയദർശൻ തൻ്റെ ആദ്യത്തെ സിനിമയിലെ നായകനെ തന്നെയാണ് തൻ്റെ നൂറാം സിനിമയിലും നായകനായി തിരഞ്ഞെടുക്കുന്നത് എന്ന പ്രത്യേകത ഇന സിനിമയ്ക്കുണ്ട്. കഥയും മറ്റ് വിവരങ്ങളും പുറത്തുവന്നിട്ടില്ലെങ്കിലും, പതിവ് കോമഡി ശൈലിയിൽ നിന്ന് വ്യത്യസ്തമായ ഒരു സിനിമയായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
കാലം മാറിയാലും ചില കൂട്ടുകെട്ടുകൾക്ക് മായാജാലം നഷ്ടപ്പെടില്ല. അതുപോലെ തന്നെ, പ്രിയദർശനും മോഹൻലാലും വീണ്ടും ഒരുമിക്കുമ്പോൾ മലയാള സിനിമയ്ക്ക് ഒരു പുതിയ ഓർമ്മ കൂടി ജനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
