വർധിച്ചുവരുന്ന സാമ്പത്തിക ബാധ്യതകൾ മറികടക്കുന്നതിനായി ആഭ്യന്തര സർവീസുകളിലെ ഇക്കണോമി ക്ലാസ് യാത്രക്കാർക്ക് നൽകിവരുന്ന സൗജന്യ ഭക്ഷണ വിതരണം നിർത്തലാക്കാൻ എയർ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിമാന ഇന്ധന വിലയിലുണ്ടായ വർധനവ്, അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധികൾ, രൂപയുടെ മൂല്യത്തകർച്ച എന്നിവയ്ക്ക് പുറമെ ബജറ്റ് എയർലൈനുകളിൽ നിന്നുള്ള കടുത്ത മത്സരവുമാണ് കമ്പനിയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിക്കുന്നത്.
നിലവിൽ ഏകദേശം 27,000 കോടി രൂപയുടെ നഷ്ടത്തിലാണ് എയർ ഇന്ത്യ മുന്നോട്ട് പോകുന്നത്.എന്നാൽ സൗജന്യ ഭക്ഷണം പൂർണ്ണമായും നിർത്തുന്നതിന് പകരം, ‘നോ മീൽസ്’ എന്നൊരു പുതിയ ടിക്കറ്റ് കാറ്റഗറി അവതരിപ്പിക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള ഈ വിമാനക്കമ്പനി ആലോചിക്കുന്നത്. ഇത് പ്രകാരം യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം വേണ്ടെന്ന് വെക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കും. ഇത്തരം ടിക്കറ്റുകൾ തിരഞ്ഞെടുക്കുന്നവർക്ക് യാത്രാ നിരക്കിൽ ഏകദേശം 250 രൂപ വരെ ഇളവ് ലഭിച്ചേക്കുമെന്നാണ് സൂചന. അതേസമയം ബിസിനസ് ക്ലാസ് യാത്രക്കാർക്ക് നിലവിലുള്ള പ്രീമിയം ഭക്ഷണ സൗകര്യം തുടർന്നും ലഭ്യമായിരിക്കും.
ബജറ്റ് എയർലൈനുകളായ ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസ്സും നിലവിൽ ഭക്ഷണത്തിന് പ്രത്യേക തുക ഈടാക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഈ സാഹചര്യത്തിൽ, വിപണിയിലെ മത്സരം നേരിടാനും പ്രവർത്തന ചിലവ് ഗണ്യമായി കുറയ്ക്കാനുമുള്ള എയർ ഇന്ത്യയുടെ ഈ തന്ത്രപരമായ നീക്കം വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ഇത് അവസരമൊരുക്കുമെങ്കിലും, എയർ ഇന്ത്യയുടെ പരമ്പരാഗത സേവന ശൈലിയിൽ ഇതൊരു വലിയ മാറ്റമായിരിക്കും.





