വിൻഡോസ് കമ്പ്യൂട്ടറുകളിലും ഇനി ജെമിനി; പ്രത്യേക ഡെസ്ക്ടോപ്പ് ആപ്പ് പുറത്തിറക്കി ഗൂഗിൾ

ഗൂഗിളിന്റെ എഐ അസിസ്റ്റന്റ് സേവനമായ ജെമിനിക്ക് വിൻഡോസ് ഉപയോക്താക്കൾക്കായി പ്രത്യേക ഡെസ്ക്ടോപ്പ് ആപ്പ് പുറത്തിറക്കി. വിൻഡോസ് 10, വിൻഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ആപ്പ് സെപ്റ്റംബർ 11 മുതൽ ആഗോളതലത്തിൽ ലഭ്യമായി. ഈ വർഷം ആദ്യം മാക് ഒഎസിനായി അവതരിപ്പിച്ച ആപ്പിന് പിന്നാലെയാണ് വിൻഡോസ് പതിപ്പും എത്തുന്നത്. ഇനി വെബ് ബ്രൗസർ തുറക്കാതെ തന്നെ കമ്പ്യൂട്ടറിൽ നേരിട്ട് ജെമിനി ഉപയോഗിക്കാം. ആപ്പിലെ പ്രധാന പ്രത്യേകത ക്വിക്ക് ആക്സസ് സംവിധാനമാണ്. Alt + Space കീ അമർത്തിയാൽ നിലവിൽ ഉപയോഗിക്കുന്ന ആപ്പുകൾക്ക് മുകളിലായി ജെമിനി ഓവർലേ തുറക്കാം. ഡോക്യുമെന്റുകൾ പരിശോധിക്കുക, മറുപടികൾ തയ്യാറാക്കുക, പ്രസന്റേഷനുകൾക്കുള്ള ആശയങ്ങൾ കണ്ടെത്തുക തുടങ്ങിയ ജോലികൾ ഇതിലൂടെ വേഗത്തിൽ ചെയ്യാനാകും. പ്രധാന വിൻഡോയിൽ ലളിതമായ ചോദ്യോത്തരങ്ങൾക്കപ്പുറം സങ്കീർണവും ഒന്നിലധികം ഘട്ടങ്ങളുള്ളതുമായ ജോലികൾ ചെയ്യാനും സൗകര്യമുണ്ട്. ജിമെയിൽ, ഗൂഗിൾ ഡ്രൈവ് തുടങ്ങിയ ഗൂഗിൾ വർക്ക്സ്പേസ് സേവനങ്ങളുമായി ആപ്പ് ബന്ധിപ്പിക്കാനും ഫയലുകളിൽ നിന്നുള്ള വിവരങ്ങൾ നേരിട്ട് ഉപയോഗിക്കാനും കഴിയും. ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതിനുള്ള ക്രിയേറ്റീവ് ടൂളുകളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പശ്ചാത്തലത്തിൽ പ്രവർത്തിക്കുമ്പോൾ കമ്പ്യൂട്ടർ റിസോഴ്സുകൾ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുന്ന രീതിയിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഗൂഗിൾ വ്യക്തമാക്കുന്നു. വിൻഡോസ് 10, 11 ഉപയോക്താക്കൾക്ക് gemini.google/desktop വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.

കനത്ത ചൂടിൽ മണ്ണ് പൊള്ളുന്നു; വയനാട്ടിൽ മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

മഴ മാറിയതിന് പിന്നാലെ കനത്ത ചൂട് അനുഭവപ്പെടുന്നതിനിടെ വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കർഷകരിൽ ആശങ്കയാകുന്നു. പനമരം, പൂതാടി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ നാല് ദിവസമായി മണ്ണിരകൾ മണ്ണിന് പുറത്തേക്ക് എത്തി ചാകുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. ആദ്യ ദിവസങ്ങളിൽ ഒന്നോ രണ്ടോ എണ്ണം മാത്രമായിരുന്നെങ്കിലും ദിവസങ്ങൾ പിന്നിടുമ്പോൾ എണ്ണം വർധിക്കുകയാണ്. റോഡുകളിലും വീടുകളുടെ മുറ്റത്തുമാണ് മണ്ണിരകൾ കൂട്ടത്തോടെ ചത്തുകിടക്കുന്നത്. ആരോഗ്യമുള്ള മണ്ണിരകളാണ് കൂടുതലായി ചാകുന്നതെന്നും കർഷകർ പറയുന്നു. മണ്ണിന്റെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റവും കനത്ത ചൂടുമാണ് മണ്ണിരകൾ കൂട്ടത്തോടെ ചാകാൻ കാരണമാകുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രണ്ട് വർഷം മുൻപും സമാനമായ പ്രതിഭാസം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് മണ്ണ് ചുട്ടുപൊള്ളുന്നതാണ് മണ്ണിരകളുടെ കൂട്ടമരണത്തിന് കാരണമെന്ന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. മണ്ണിരകൾ കാണപ്പെട്ട പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച മണ്ണ് ജൈവഘടകങ്ങളും പോഷകഗുണങ്ങളും കൂടുതലുള്ളതാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. സാധാരണയായി 10 മുതൽ 30 സെന്റിമീറ്റർ വരെ ആഴത്തിലാണ് മണ്ണിരകൾ വസിക്കുന്നത്. മണ്ണിന്റെ ഉപരിതലത്തിലെ ഈർപ്പം നഷ്ടപ്പെടുമ്പോൾ തണുപ്പ് തേടി കൂടുതൽ ആഴത്തിലേക്ക് പോകുകയാണ് ഇവയുടെ പതിവ്. എന്നാൽ അതിന് വിപരീതമായി മണ്ണിന് മുകളിലേക്ക് എത്തുമ്പോൾ കനത്ത ചൂടേറ്റ് ചാകാനുള്ള സാധ്യതയുണ്ട്. 15 മുതൽ 28 ഡിഗ്രി വരെയുള്ള താപനിലയാണ് മണ്ണിരകൾക്ക് അനുയോജ്യമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിൽ കൂടുതലായുള്ള ചൂട് മണ്ണിരകൾ പുറത്തേക്ക് വരാനും ചത്തൊടുങ്ങാനും കാരണമാകാം. അതേസമയം, മണ്ണിരകളുടെ കൂട്ടമരണം കണ്ട് കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൃഷി വിദഗ്ധർ വ്യക്തമാക്കുന്നു.

ബെംഗളൂരു–മംഗളൂരു വന്ദേഭാരതിന് വീണ്ടും പരീക്ഷണയോട്ടം; 55 മിനിറ്റ് നേരത്തെയെത്തി

ബെംഗളൂരു–മംഗളൂരു റൂട്ടിൽ അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് വീണ്ടും പരീക്ഷണയോട്ടം നടത്തി. ദക്ഷിണ പശ്ചിമ റെയിൽവേയുടെ മൈസൂരു ഡിവിഷന് കീഴിൽ യശ്വന്ത്പുര ജംക്‌ഷൻ മുതൽ മംഗളൂരു ജംക്‌ഷൻ വരെയായിരുന്നു വ്യാഴാഴ്ചത്തെ പരീക്ഷണയോട്ടം. രാവിലെ 6.50ന് യശ്വന്ത്പുരയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.55ന് മംഗളൂരു ജംക്‌ഷനിലെത്തി. 2.50നാണ് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതെങ്കിലും നിശ്ചിത സമയത്തേക്കാൾ 55 മിനിറ്റ് നേരത്തെയാണ് ട്രെയിൻ എത്തിയത്. ഹാസൻ, സകലേഷ്‌പുര, സുബ്രഹ്‌മണ്യ റോഡ്, കബക്ക പുത്തൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചത്. വൈകിട്ട് 3.10ന് മംഗളൂരു ജംക്‌ഷനിൽ നിന്ന് യശ്വന്ത്പുരയിലേക്കുള്ള മടക്കയാത്രയും ആരംഭിച്ചു. ചെങ്കുത്തായ ചുരം പാതയിലൂടെ സുരക്ഷിതമായി സർവീസ് നടത്താൻ സഹായിക്കുന്ന ഓട്ടമാറ്റിക് എമർജൻസി ബ്രേക്കിങ് (എഇബി) സംവിധാനമുള്ള 16 കോച്ചുകളാണ് ട്രെയിനിലുള്ളത്. കഴിഞ്ഞ ശനിയാഴ്ച മംഗളൂരു സെൻട്രലിലേക്കും പരീക്ഷണയോട്ടം നടത്തിയിരുന്നു. എന്നാൽ യെടകുമേരി–സുബ്രഹ്‌മണ്യ മേഖലയിലെ സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര വൈകുകയും നിശ്ചയിച്ച സമയത്തേക്കാൾ 2 മണിക്കൂർ 5 മിനിറ്റ് വൈകി വൈകിട്ട് 4.30നാണ് ട്രെയിൻ മംഗളൂരു സെൻട്രലിലെത്തുകയും ചെയ്തത്.

അഭയ്റാബ് വാക്സീന്റെ വ്യാജൻ വിപണിയിൽ; മുന്നറിയിപ്പുമായി കേന്ദ്രം

കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പേവിഷ വാക്സീനായ അഭയ്റാബിന്റെ വ്യാജൻ വിപണിയിലെത്തിയതായി കേന്ദ്ര മരുന്നുനിലവാര നിയന്ത്രണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അഭയ്റാബിന്റെ KE25012 ബാച്ചിന്റെ വ്യാജ വാക്സീൻ കണ്ടെത്തിയതായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. രാജീവ് സിങ് രഘുവംശി അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ നടപടിയെടുക്കാൻ ഡ്രഗ് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയതായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ ഡോ. കെ. സുജിത്കുമാർ പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങൾക്കും ജില്ലാ ആശുപത്രികൾക്കും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. അഭയ്റാബ് ഓൺലൈൻ വിപണിയിൽ വ്യാപകമായി ലഭ്യമാകുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. പേവിഷബാധയ്‌ക്കെതിരായ വാക്സീൻ ആയതിനാൽ വ്യാജ വാക്സീൻ സംബന്ധിച്ച മുന്നറിയിപ്പ് ഗൗരവത്തോടെയാണ് ആരോഗ്യരംഗം കാണുന്നത്. ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡാണ് അഭയ്റാബിന്റെ നിർമാതാക്കൾ. ആഭ്യന്തര പേവിഷ വാക്സീൻ വിപണിയുടെ 40 ശതമാനവും കമ്പനിക്കുണ്ട്. KE25012 ബാച്ച് ആവശ്യമായ എല്ലാ പരിശോധനകളും വിജയിച്ചതാണെന്നും ബാച്ച് നമ്പർ പകർത്തിയാണ് വ്യാജ വാക്സീൻ നിർമിച്ചതെന്നും കമ്പനി വ്യക്തമാക്കി. 2025ലും അഭയ്റാബിന്റെ KA24014 ബാച്ചിന്റെ വ്യാജൻ കണ്ടെത്തിയിരുന്നു.

റഷ്യയിൽനിന്ന് 105 യാത്രാവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ

റഷ്യയിൽനിന്ന് ആഭ്യന്തര സർവീസുകൾക്കായി 105 II-114-300 യാത്രാവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ധാരണയിലെത്തി. ന്യൂഡൽഹിയിൽ നടന്ന ഇന്നോപ്രോം പ്രദർശനത്തോടനുബന്ധിച്ചാണ് കരാറുകൾ പ്രഖ്യാപിച്ചത്. 68 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ചെറുവിമാനങ്ങളാണ് ഈ ശ്രേണിയിലുള്ളത്. വിമാനങ്ങൾ വാങ്ങുന്ന കമ്പനികളിൽ എയർ കേരളയും ഉൾപ്പെടുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. റഷ്യൻ സ്റ്റേറ്റ് കോർപ്പറേഷനായ റോസ്റ്റെക്കിന്റെ ഭാഗമായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനാണ് (യുഎസി) വിമാനങ്ങൾ നൽകുന്നത്. കരാർ പ്രകാരം പിനാക്കിൾ എയർ 50 വിമാനങ്ങളും എയർ കേരള 20 വിമാനങ്ങളും സ്ലീക്ക് ഏവിയേഷൻ 35 വിമാനങ്ങളും വാങ്ങും. ഇതോടെ മൂന്ന് കമ്പനികൾക്കുമായി ആകെ 105 വിമാനങ്ങളാണ് ലഭിക്കുക. ഇന്ത്യയിലെ പ്രാദേശിക വ്യോമയാന ശൃംഖല ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ചെറിയ റൺവേകളും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുമുള്ള വിമാനത്താവളങ്ങളിൽനിന്ന് സർവീസ് നടത്താൻ കഴിയുന്ന തരത്തിലാണ് ഈ റഷ്യൻ ടർബോപ്രോപ്പ് വിമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് TV7-117ST-01 എൻജിനുകളുള്ള വിമാനത്തിന് 68 യാത്രക്കാരുമായി ഏകദേശം 1,400 കിലോമീറ്റർ വരെ പറക്കാനാകും. ചെറുനഗരങ്ങളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന ഉഡാൻ പദ്ധതിക്ക് വിമാനങ്ങൾ സഹായകരമാകുമെന്നാണ് യുഎസിയുടെ വിലയിരുത്തൽ.

ദക്ഷിണ റെയിൽവേയുടെ മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

ദക്ഷിണ റെയിൽവേ വൈദ്യുതീകരണത്തിൽ 100 ശതമാനം നേട്ടം കൈവരിച്ചു. ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള മുഴുവൻ റെയിൽപാതകളും വൈദ്യുതീകരിച്ചതായി അധികൃതർ അറിയിച്ചു. വൈദ്യുതീകരണം പൂർത്തിയാകാനുണ്ടായിരുന്ന പട്ടുക്കോട്ട–കാരൈക്കുടി സെക്ഷനിലെ 71 കിലോമീറ്റർ പാത കൂടി കഴിഞ്ഞദിവസം വൈദ്യുതീകരിച്ചതോടെയാണ് നേട്ടം കൈവരിച്ചത്. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ആകെ 5,068 കിലോമീറ്റർ പാതകളാണ് വൈദ്യുതീകരിച്ചത്. പട്ടുക്കോട്ട–കാരൈക്കുടി സെക്ഷനിൽ ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനിയർ ഗണേശിന്റെ നേതൃത്വത്തിൽ പരിശോധനയും നടത്തി. പൂർണമായും വൈദ്യുതീകരിച്ചതോടെ ഇനി ട്രെയിനുകൾക്ക് വൈദ്യുതീകരിച്ച പാതയിൽ നിന്ന് വൈദ്യുതീകരിക്കാത്ത പാതയിലേക്ക് പ്രവേശിക്കുമ്പോൾ എൻജിൻ മാറ്റേണ്ട സാഹചര്യമുണ്ടാകില്ല. വൈദ്യുതീകരണം പൂർത്തിയാകാത്ത പാതകളിൽ എത്തുമ്പോൾ വൈദ്യുത എൻജിന് പകരം ഡീസൽ എൻജിൻ ഘടിപ്പിക്കേണ്ടിവരുന്ന സാഹചര്യം ഇതോടെ ഒഴിവാകും. എല്ലാ റൂട്ടുകളിലൂടെയും ട്രെയിനുകൾക്ക് തടസ്സമില്ലാതെ സർവീസ് നടത്താനും ഡീസൽ ഉപയോഗം പൂർണമായും ഒഴിവാക്കാനും സാധിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ദക്ഷിണ റെയിൽവേയിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് 1931-ലാണ്. ബോംബെയ്ക്ക് ശേഷം വൈദ്യുത ട്രെയിൻ സർവീസ് ആരംഭിച്ച രാജ്യത്തെ രണ്ടാമത്തെ മെട്രാപൊളിറ്റൻ നഗരമായി അന്ന് മദ്രാസ് മാറി. പിന്നീട് മദ്രാസ് ബീച്ച്–താംബരം റൂട്ട് 1968-ൽ വൈദ്യുതീകരിച്ചു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി മറ്റ് റൂട്ടുകളിലേക്കും വൈദ്യുതീകരണം വ്യാപിപ്പിച്ചു.

ലഡാക്കിന് പ്രത്യേക പദവി; ആർട്ടിക്കിൾ 371 ഭേദഗതിക്ക് കേന്ദ്ര നീക്കം

ലഡാക്കിന് ഭരണഘടനാപരമായ പ്രത്യേക സംരക്ഷണം നൽകുന്നതിനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. ഭരണഘടനയിലെ ആർട്ടിക്കിൾ 371 പ്രകാരം ലഡാക്കിന് പ്രത്യേക പദവി നൽകാനും നിയമനിർമാണ, സാമ്പത്തിക അധികാരങ്ങളുള്ള തിരഞ്ഞെടുക്കപ്പെട്ട സമിതി രൂപീകരിക്കാനുമാണ് നീക്കം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനത്തിന് കേന്ദ്രം ആലോചിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ലഡാക്ക് സബ്‌കമ്മിറ്റിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തമ്മിൽ കഴിഞ്ഞദിവസം നടന്ന യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നതായി ലഡാക്ക് ചീഫ് സെക്രട്ടറി ആഷിഷ് കുന്ദ്ര വ്യക്തമാക്കി. മണ്ഡലങ്ങളിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന സമിതിക്കായിരിക്കും നിയമനിർമാണ, സാമ്പത്തിക അധികാരങ്ങൾ നൽകുക. ഒക്ടോബറിൽ നടക്കുന്ന അടുത്ത യോഗത്തിന് മുൻപ് ആർട്ടിക്കിൾ 371 ഭേദഗതിയുടെ കരട് ആഭ്യന്തര മന്ത്രാലയം തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട സമിതി നിലവിൽ വരുമെങ്കിലും ലഡാക്കിനെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാക്കി മാറ്റില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ചില സംസ്ഥാനങ്ങളുടെ പ്രത്യേക പ്രാദേശിക, സാമൂഹിക ആവശ്യങ്ങൾ പരിഗണിച്ച് ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ആർട്ടിക്കിൾ 371. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ വിഭജിച്ച് ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയിരുന്നു. തുടക്കത്തിൽ കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത ലഡാക്കുകാർ പിന്നീട് ഉദ്യോഗസ്ഥ ഭരണത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി പ്രത്യേക ഭരണഘടനാ സംരക്ഷണം വേണമെന്ന ആവശ്യം ലഡാക്കിൽ ശക്തമാണ്.

കിടപ്പുരോഗികൾക്ക് വീട്ടിലെത്തും റേഷൻ; ‘ഒപ്പം’ പദ്ധതി വിപുലീകരിക്കാൻ സർക്കാർ

കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം’ പദ്ധതി കൂടുതൽ വിപുലീകരിക്കാൻ സർക്കാർ. ഗുണഭോക്താക്കളുടെ എണ്ണം വർധിപ്പിച്ച് ഭക്ഷ്യവിതരണം കൂടുതൽ കാര്യക്ഷമമാക്കാനാണ് തീരുമാനം. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ വിപുലീകരണം വിവരശേഖരണം പൂർത്തിയാകാൻ സമയമെടുക്കുമെന്നതിനാൽ തത്കാലം മാറ്റിവെച്ചിരുന്നു. തദ്ദേശ-ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ കണക്കെടുപ്പിലാണ് റേഷൻ കടയിലെത്താൻ സഹായം ആവശ്യമായ 2669 കിടപ്പുരോഗികളെ കണ്ടെത്തിയത്. ആശാവർക്കർമാർ, വാർഡ് മെമ്പർമാർ, പാലിയേറ്റീവ് വിഭാഗം എന്നിവരുടെ സഹായത്തോടെ കണ്ടെത്തിയ 23,968 കിടപ്പുരോഗികളിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. നിലവിൽ ‘ഒപ്പം’ പദ്ധതിയിൽ 499 പേരാണ് ഗുണഭോക്താക്കളായുള്ളത്. പദ്ധതി പല മേഖലകളിലും കാര്യക്ഷമമായി നടപ്പാകുന്നില്ലെന്ന വിലയിരുത്തലും ഭക്ഷ്യവകുപ്പിനുണ്ട്. പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി പദ്ധതി കൂടുതൽ സജീവമാക്കാനാണ് നീക്കം. സന്നദ്ധസംഘടനകൾ, തദ്ദേശസ്ഥാപനങ്ങൾ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ അർഹരായ കിടപ്പുരോഗികളുടെ വീടുകളിൽ റേഷൻ എത്തിക്കുന്ന സംവിധാനമാണ് പരിഗണിക്കുന്നത്.

ചൈനയിൽ കഥകളിയുടെ അരങ്ങൊരുക്കാൻ ചെറുതുരുത്തി കഥകളി സ്കൂൾ

ചൈനയിൽ കഥകളി പഠനകേന്ദ്രം ആരംഭിക്കാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ. ചൈനീസ് സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ച് ചാങ്ഷാ ഷിൻസി കൾചറൽ കമ്പനിയുമായി സഹകരിച്ചാണ് പഠനകേന്ദ്രം ആരംഭിക്കുന്നത്. കേന്ദ്ര സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. പഠനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി ബന്ധപ്പെട്ട സ്ഥാപനവുമായി ഒരു വർഷത്തെ കരാറും ഒപ്പുവച്ചു. കലാമണ്ഡലം ഒ. അനന്തു, കലാമണ്ഡലം അജീഷ് ബാബു, കലാമണ്ഡലം കെ. എം. അനന്തു, കലാമണ്ഡലം സായന്ത് എന്നിവരുടെ നേതൃത്വത്തിലായിരിക്കും കേന്ദ്രത്തിന്റെ പ്രവർത്തനം. കലാകാരന്മാരുടെ സംഘം വെള്ളിയാഴ്ച ചൈനയിലേക്ക് യാത്രതിരിക്കും. ഒരു വർഷം നീളുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി സോദാഹരണ പ്രഭാഷണങ്ങളും കഥകളി അവതരണങ്ങളും സംഘടിപ്പിക്കും. മോഹിനിയാട്ടം, കളരിപ്പയറ്റ് എന്നിവയുടെ പരിശീലനം ആരംഭിക്കാനും ചൈനീസ് സാംസ്കാരിക വകുപ്പ് താൽപര്യം അറിയിച്ചിട്ടുണ്ട്. വിദേശ കലാകാരന്മാർക്ക് കഥകളി പഠിക്കാനുള്ള അവസരവും ഒരുക്കും. ഐ.സി.സി.ആർ മുഖേന കഥകളി സ്കൂൾ നേരത്തെയും ചൈനയിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്.

പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി സിസിഐ

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ നൽകിയ പരാതി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) തള്ളി. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ കോമ്പറ്റീഷൻ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും പദ്ധതി നടപ്പാക്കുന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും സിസിഐ വ്യക്തമാക്കി. രണ്ട് സ്വകാര്യ ബസ് ഉടമകളാണ് പദ്ധതിക്കെതിരെ സിസിഐയെ സമീപിച്ചത്. എന്നാൽ പൊതുജനക്ഷേമത്തിനായി സ്വന്തം ഫണ്ട് ഉപയോഗിച്ച് ഇത്തരം പദ്ധതികൾ നടപ്പാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും അതിൽ ഇടപെടാൻ കോമ്പറ്റീഷൻ കമ്മീഷന് കഴിയില്ലെന്നും ചെയർപേഴ്‌സൺ രവ്നീത് കൗർ, അംഗങ്ങളായ ശ്വേത കാക്കർ, ദീപക് അനുരാഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സർവീസുകൾക്ക് സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നായിരുന്നു ഉടമകളുടെ പരാതി. നിയമനടപടികളിലൂടെ പരിഹാരം പ്രതീക്ഷിച്ചിരുന്ന സ്വകാര്യ ബസ് ഉടമകൾക്ക് സിസിഐയുടെ തീരുമാനം തിരിച്ചടിയായി. അതേസമയം, ഉത്തരവ് സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും ആശ്വാസമായി.