മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അതിക്രൂരമായ ആഭ്യന്തര പീഡനത്തിന്റെ വാർത്തയാണ് മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള ഖിൽച്ചിപൂരിൽ നിന്നും പുറത്തുവരുന്നത്. മംഗീബായ് തൻവാർ എന്ന യുവതി ഭർത്താവിൽ നിന്ന് നേരിട്ടത് കേട്ടാൽ ആരുടെയും ചോര തിളച്ചുപോകും. മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയ ഭർത്താവ് സർദാർ സിങ്, മംഗീബായിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതേത്തുടർന്ന് പരാതിപ്പെടാൻ രാത്രിയിൽ പോലീസ് സ്റ്റേഷനിലേക്ക് ഇറങ്ങിത്തിരിച്ച യുവതിയെ വഴിയിൽ വെച്ച് ഭർത്താവ് വീണ്ടും ആക്രമിക്കുകയും ബലമായി വീട്ടിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. പിന്നീട് ഒരു മൃഗത്തോടെന്ന പോലെയായിരുന്നു പെരുമാറ്റം. പോലീസിൽ അറിയിക്കാൻ ഇനി എങ്ങനെ പോകുമെന്ന് വെല്ലുവിളിച്ചുകൊണ്ട് യുവതിയുടെ കഴുത്തിൽ കനത്ത ഇരുമ്പ് ചങ്ങലയിട്ട് വീട്ടുതൂണിൽ പൂട്ടിയിട്ടു. അത്രയൊന്നുമായിരുന്നില്ല, ഗ്യാസ് സ്റ്റൗവിൽ ഇരുമ്പ് വടി പഴുപ്പിച്ചെടുത്ത് മംഗീബായിയുടെ അരക്കെട്ടിലും തുടയിലുമെല്ലാം ആവർത്തിച്ച് പൊള്ളിച്ചേൽപ്പിച്ചു.
നിലവിളിച്ചിട്ടും ആരും രക്ഷയ്ക്കെത്താതിരുന്ന ആ നരകത്തിൽ 24 മണിക്കൂറോളമാണ് അവർ തടവിലായത്. പോലീസിൽ പോകില്ലെന്ന് നാട്ടുകാരെക്കൂട്ടി കരാറുണ്ടാക്കാൻ ഭർത്താവ് ഗ്രാമവാസികളെ വിളിക്കാൻ പുറത്തുപോയ സമയത്താണ് ആ സ്ത്രീ ജീവനുവേണ്ടി പോരാടിയത്. വീട്ടിൽ കിടന്ന ഒരു കല്ലെടുത്ത് കഴുത്തിലെ പൂട്ടിലേക്ക് അവർ ആഞ്ഞാഞ്ഞു അടിച്ചു. ഒടുവിൽ ആ പൂട്ടിന്റെ കണ്ണി അല്പം അയഞ്ഞതോടെ, കഴുത്തിലെ ചങ്ങലയും തൂങ്ങിക്കിടക്കുന്ന പൂട്ടും മാറ്റാൻ നിൽക്കാതെ അവർ ജീവനുംകൊണ്ട് ഇറങ്ങിയോടി. ഇരുട്ടുനിറഞ്ഞ പാതകളിലൂടെയും മുള്ളുകൾ നിറഞ്ഞ കാട്ടുപ്രദേശങ്ങളിലൂടെയും കാലുകൾ ചോരയൊലിപ്പിച്ചു കൊണ്ട് ആറ് കിലോമീറ്ററോളമാണ് ആ സ്ത്രീ നടന്നുതീർത്തത്. വഴിയിൽ കണ്ടവർ കഴുത്തിലെ ചങ്ങല കണ്ട് അവർക്ക് ഭ്രാന്താണെന്ന് കരുതി അവഗണിച്ചപ്പോഴും അവർ തോറ്റുകൊടുത്തില്ല.
രാത്രി പത്തു മണിയോടെ കഴുത്തിൽ ചങ്ങലയുമായി ചോരയൊലിപ്പിച്ചു കൊണ്ട് സ്റ്റേഷനിലേക്ക് കയറിവന്ന മംഗീബായിയെ കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പോലും ഒരു നിമിഷം തരിച്ചുപോയി. ഉടൻ തന്നെ പോലീസ് ചങ്ങല അഴിച്ചുമാറ്റി അവർക്ക് വൈദ്യസഹായം ലഭ്യമാക്കുകയും ക്രൂരനായ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്വന്തം വീട്ടിൽ ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടി വന്ന ഈ അതിക്രമം നാണക്കേടാണ്. മൃഗതുല്യനായ ഈ കുറ്റവാളിക്ക് നിയമം നൽകാവുന്നതിൽ വെച്ച് ഏറ്റവും കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണം.





