ആനത്താരകളിൽ തടസ്സം പാടില്ലെന്ന് സുപ്രീം കോടതി

കൃഷിനാശം ചൂണ്ടിക്കാട്ടി ആനത്താരകളിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്ന് സുപ്രീം കോടതി. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി, രാജ്യത്തെ ആനത്താരകളിൽ അടിയന്തരമായി പുതിയ സർവേ നടത്താൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ആനകളെ തുരത്താൻ വെടിവെപ്പ് ഉൾപ്പെടെയുള്ള ബലപ്രയോഗങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആനക്കൂട്ടങ്ങൾ ദീർഘദൂരം സഞ്ചരിക്കുന്നവയാണെന്നും അവയുടെ സ്വാഭാവിക സഞ്ചാരപാതകൾ തടസ്സപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. വിളനാശം ഉൾപ്പെടെയുള്ള പ്രാദേശിക പ്രശ്നങ്ങളുടെ പേരിൽ വന്യജീവി സംരക്ഷണം അവഗണിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ആനത്താരകൾ പ്രാദേശിക കാരണങ്ങളാൽ തടസ്സപ്പെടുന്നതും ആനകളെ തോക്കുകളും മറ്റ് ബലപ്രയോഗങ്ങളും ഉപയോഗിച്ച് തുരത്തുന്നതും സാഹചര്യം കൂടുതൽ വഷളാക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് ആനത്താരകളുടെ സമഗ്രമായ പുതിയ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.
വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന ‘അക്വാഫിറ്റ്’ പദ്ധതി ഏറെ പ്രാധാന്യമുള്ള ഇടപെടലാണ്. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

കേരളത്തെപ്പോലെ നദികളും പുഴകളും കുളങ്ങളും മറ്റ് ജലാശയങ്ങളും ധാരാളമുള്ള സംസ്ഥാനത്ത് കുട്ടികൾക്ക് നീന്തൽ അറിയുന്നത് ഒരു കായികകഴിവിൽ മാത്രം ഒതുങ്ങുന്നില്ല. അടിയന്തര സാഹചര്യങ്ങളിൽ സ്വന്തം സുരക്ഷ ഉറപ്പാക്കാനും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനും സഹായിക്കുന്ന പ്രധാനപ്പെട്ട നൈപുണ്യം കൂടിയാണിത്. അതുകൊണ്ടുതന്നെ ചെറുപ്പത്തിലേ ശാസ്ത്രീയമായ രീതിയിൽ നീന്തൽ പരിശീലനം നൽകാനുള്ള ‘അക്വാഫിറ്റ്’ പദ്ധതി ഏറെ സ്വാഗതാർഹമാണ്. മുങ്ങിമരണങ്ങൾ സംസ്ഥാനത്ത് ആശങ്കയാകുന്ന സാഹചര്യത്തിൽ ഇത്തരം പരിശീലന പദ്ധതികൾക്ക് വലിയ പ്രസക്തിയുണ്ട്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2024-ലെ കണക്കുപ്രകാരം കേരളത്തിൽ 1385 പേരാണ് മുങ്ങിമരിച്ചത്. 2021-ൽ 1307 പേരും 2022-ൽ 1419 പേരും 2023-ൽ 1344 പേരും മുങ്ങിമരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. അപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം ജലാശയങ്ങളെക്കുറിച്ചുള്ള ജാഗ്രതയും സുരക്ഷാ ബോധവും കുട്ടികളിൽ വളർത്താൻ ഇത്തരം പരിശീലനങ്ങൾക്ക് കഴിയും. നീന്തൽ പഠിക്കുന്നതിലൂടെ ശാരീരികക്ഷമത മെച്ചപ്പെടുന്നതിനൊപ്പം കുട്ടികളിൽ ആത്മവിശ്വാസം, ഏകാഗ്രത, അച്ചടക്കം, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ധൈര്യം തുടങ്ങിയവയും വളർത്തിയെടുക്കാനാകും. പരിശീലനം സ്കൂളിനോട് ചേർന്നുള്ള നീന്തൽക്കുളങ്ങളിൽ നൽകുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ സൗകര്യപ്രദമാകുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. തദ്ദേശസ്ഥാപനങ്ങളുടെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെ പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനായാൽ, കേരളത്തിലെ കുട്ടികൾക്ക് സുരക്ഷിതമായൊരു തലമുറയെ വളർത്തിയെടുക്കുന്നതിൽ ‘അക്വാഫിറ്റ്’ മികച്ചൊരു ചുവടുവയ്പ്പായി മാറും.
ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ.

അമേരിക്കയിലെ ഡാലസിൽ നടന്ന അർജന്റീന–ഇംഗ്ലണ്ട് ലോകകപ്പ് മത്സരം കാണാനെത്തിയപ്പോഴെടുത്ത ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. വെള്ള കൗബോയ് തൊപ്പിയും സ്റ്റൈലിഷ് കണ്ണടയും ധരിച്ച ലുക്കാണ് ചിത്രത്തിന്റെ ഹൈലൈറ്റായി മാറിയത്. ‘Hats off to good company’ എന്ന അടിക്കുറിപ്പോടെയായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്. എന്നാൽ ആരാധകരെ കൂടുതൽ ആവേശത്തിലാക്കിയത് ഫഹദ് ഫാസിലിന്റെ കമന്റാണ്. ‘When എടാ മോനെ meets എന്താ മോനെ’ എന്ന രംഗണ്ണൻ റഫറൻസ് നിറഞ്ഞ കമന്റ് നിമിഷങ്ങൾക്കകം തന്നെ വൈറലായി. ഇരുവരുടെയും സൗഹൃദവും രസകരമായ സംഭാഷണവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മോഹൻലാലിന്റെ പോസ്റ്റിന് പിന്നാലെ ആന്റണി പെരുമ്പാവൂരും കൗബോയ് തൊപ്പികളണിഞ്ഞ ചിത്രങ്ങൾ പങ്കുവച്ചു. ലോകകപ്പ് മത്സരവേദിയിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഫൈനൽ മത്സരത്തിലും താരം സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
എനിക്ക് നീന്താനറിയാം, പക്ഷേ എന്റെ കൂട്ടുകാർക്കും അത് അറിയണ്ടേ?

സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ കാലത്ത്, കേരളത്തിലെ മുഴുവൻ കുട്ടികളുടെയും സുരക്ഷയ്ക്ക് വേണ്ടി ശബ്ദമുയർത്തിയ തോട്ടുമുക്കം സ്കൂളിലെ മൂന്നാം ക്ലാസുകാരി റനാ ഫാത്തിമയ്ക്ക് ഇന്ന് നമ്മൾ കൊടുക്കണം ഒരു വലിയ സല്യൂട്ട്. നമ്മുടെ നാട്ടിൽ പുഴകളിലും തോടുകളിലും കുട്ടികൾ അപകടത്തിൽ പെടുന്ന വാർത്തകൾ നമ്മൾ എപ്പോഴും സങ്കടത്തോടെയാണ് കേൾക്കാറുള്ളത്. പലപ്പോഴും നീന്തൽ അറിയാത്തതുകൊണ്ടാണ് ഇത്തരം വലിയ ദുരന്തങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഈ പ്രശ്നത്തിന് ഒരു സ്ഥിരമായ പരിഹാരം വേണമെന്ന ആഗ്രഹവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. തനിക്ക് നീന്താൻ അറിയാം എന്നത് കൊണ്ട് മാത്രം റന മാറിനിന്നില്ല. കേരളത്തിലെ എല്ലാ സ്കൂളുകളിലും കുട്ടികളെ നീന്തൽ നിർബന്ധമായി പഠിപ്പിക്കണം എന്ന ആവശ്യവുമായി അവൾ നേരെ തിരുവനന്തപുരത്ത് എത്തി. നമ്മുടെ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരിൽ കണ്ട് അവൾ തന്റെ ആവശ്യം ഒരു കത്തായി കൈമാറുകയും ചെയ്തു. ഇത്രയും ചെറിയ പ്രായത്തിൽ റന കാണിച്ച ഈ വലിയ ധീരതയെ മന്ത്രിമാർ രണ്ടുപേരും അഭിനന്ദിച്ചു കഴിഞ്ഞു. റന വെറുമൊരു വാക്കിലൊതുക്കുന്ന കുട്ടിയല്ല. മൂന്നാം വയസ്സു മുതൽ പുഴയിൽ നന്നായി നീന്തുന്ന റന, മുക്കം നഗരസഭയുടെ നീന്തൽ പദ്ധതിയുടെ പ്രധാന മുഖം കൂടിയാണ്. അത് മാത്രമല്ല, സ്വന്തം സ്കൂളിലെ കൂട്ടുകാരെ നീന്തൽ പഠിപ്പിക്കാൻ അവൾ ഇപ്പോൾ തന്നെ മുന്നിലുണ്ട്. നമ്മൾ സ്കൂളിൽ കണക്കും സയൻസുമൊക്കെ പഠിക്കുന്നതുപോലെ തന്നെ സ്വന്തം ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന നീന്തലും ഒരു പ്രധാന പാഠമായി പഠിക്കണം എന്നാണ് റന പറയുന്നത്. പഠിക്കാൻ മിടുക്കരാകുന്നതിനൊപ്പം തന്നെ അപകടങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാനും മറ്റുള്ളവരെ രക്ഷിക്കാനുമുള്ള അറിവ് നേടുക എന്നതും പ്രധാനമാണ്. സ്കൂളുകളിൽ നീന്തൽ ഒരു പാഠ്യവിഷയമാക്കിയാൽ ഒട്ടേറെ കുഞ്ഞുങ്ങളുടെ ജീവൻ നമുക്ക് കാത്തുസൂക്ഷിക്കാൻ സാധിക്കും. ഒരു വലിയ മാറ്റത്തിനായി ഭരണാധികാരികളുടെ മുന്നിലേക്ക് നേരിട്ടെത്തിയ റന ഫാത്തിമയ്ക്ക് നമ്മുടെ എല്ലാവരുടെയും വലിയൊരു കൈയടിയും പിന്തുണയും നൽകാം.
മലയാളിക്ക് ചായ വെറുമൊരു പാനീയമല്ല! ചായപ്രേമികളുടെ ദേശീയ ഭൂപടത്തിൽ ഇടംനേടി കേരളത്തിലെ രണ്ട് നഗരങ്ങൾ

അതിരാവിലെ ഉണരുമ്പോൾ മുതൽ അർദ്ധരാത്രിയിലെ സൗഹൃദക്കൂട്ടായ്മകളിൽ വരെ മലയാളിക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത പാനീയമാണ് ,ഒരു വികാരമാണ്. ആ ചായപ്രേമം ഇപ്പോൾ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയൊരു വിപണി മുന്നേറ്റമായി മാറിയിരിക്കുകയാണ്. പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാമാർട്ട് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ചായ ഉപയോഗത്തിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന പ്രമുഖ നഗരങ്ങളായി നമ്മുടെ സ്വന്തം കൊച്ചിയും തിരുവനന്തപുരവും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ 130 നഗരങ്ങളിലെ കണക്കുകൾ പരിശോധിച്ചപ്പോൾ ഐടി നഗരമായ ബെംഗളൂരു വിപണി വലിപ്പത്തിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും, വളർച്ചാനിരക്കിന്റെ കാര്യത്തിൽ കേരളത്തിലെ ഈ രണ്ട് നഗരങ്ങളാണ് ദേശീയതലത്തിൽ അത്ഭുതപ്പെടുത്തുന്ന മുന്നേറ്റം നടത്തുന്നത്. ഇഞ്ചി ചായ, മസാല ചായ, ഗ്രീൻ ടീ, ഏലയ്ക്കാ ചായ എന്നിവയ്ക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്. പരമ്പരാഗത തട്ടുകടകളിൽ നിന്ന് ആധുനിക കഫേകളിലേക്കും ഓൺലൈൻ ഓർഡറുകളിലേക്കും മലയാളിയുടെ ചായകുടി ശീലങ്ങൾ മാറുമ്പോഴും ചായയോടുള്ള പ്രണയം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ഈ റിപ്പോർട്ട് അടിവരയിടുന്നു. വൻനഗരങ്ങളോട് മത്സരിച്ച് കൊച്ചിയും തിരുവനന്തപുരവും ഈ പട്ടികയിൽ മുൻപന്തിയിൽ ഇടംപിടിക്കുന്നത് ,കേരളത്തിലെ മാറ്റിമറിക്കപ്പെടുന്ന ബിസിനസ്സ്-ലൈഫ്‌സ്റ്റൈൽ സാധ്യതകളുടെ കൂടെ തെളിവാണ്. മാറിയ ഉപഭോഗസംസ്കാരവും ഓൺലൈൻ ഡെലിവറി സംവിധാനങ്ങളുടെ ജനപ്രീതിയും തുണയായ ഈ വിപണി കുതിച്ചുചാട്ടം, വരും ദിവസങ്ങളിൽ ചായ വിപണിയിൽ കൂടുതൽ പുതിയ സ്റ്റാർട്ടപ്പുകൾക്കും പ്രാദേശിക സംരംഭകർക്കും വലിയ ബിസിനസ്സ് സാധ്യതകൾ തുറന്നുനൽകുമെന്നതിൽ സംശയമില്ല.
മുല്ലപ്പെരിയാർ സമിതിയിലെ അഴിച്ചുപണിയും രാഷ്ട്രീയ വിവാദങ്ങളും

മുല്ലപ്പെരിയാർ വിഷയത്തിൽ വീണ്ടും നിർണായക നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയായ ടി.കെ. ശിവരാജനെ ഏകപക്ഷീയമായി മാറ്റിയിരിക്കുകയാണ്. മുൻ സി.ഡബ്ല്യു.സി ചീഫ് എഞ്ചിനീയർ കൂടിയായ ശിവരാജന് പകരം ഉത്തർപ്രദേശ് സ്വദേശിയായ പ്രൊഫ. എം.എൽ. ശർമ്മയെയാണ് പുതിയ പ്രതിനിധിയായി നിയമിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജൻ ഒഴിഞ്ഞതാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണമെങ്കിലും ഈ നീക്കം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഐ.ഐ.ടി റൂർക്കിയിലെ ഭൂകമ്പ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറും ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് മേധാവിയുമാണ് പുതിയ അംഗമായ പ്രൊഫ. എം.എൽ. ശർമ്മ. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം ഈ വർഷം ജനുവരി 6-നാണ് മുല്ലപ്പെരിയാർ പരിശോധനയ്ക്കായി ബൽരാജ് ജോഷി ചെയർമാനായുള്ള ഈ സമിതിക്ക് അതോറിറ്റി രൂപം നൽകിയത്. അംഗങ്ങളുടെ മാറ്റം ഒഴികെ മറ്റ് നിബന്ധനകളിലൊന്നും മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പുകൾ കേരള, തമിഴ്നാട് സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ട്.ഏറ്റവും ശ്രദ്ധേയമായ കാര്യം, തമിഴ്നാട് മുഖ്യമന്ത്രി വിജയ് മുല്ലപ്പെരിയാർ ഡാം പുതിയത് പണിയുന്നതിനെതിരെ ഈയടുത്ത് ശക്തമായ പരാമർശം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേരളത്തിന്റെ പ്രതിനിധിയെ സമിതിയിൽ നിന്ന് മാറ്റിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ ഈ പെട്ടെന്നുള്ള നീക്കം പുറത്തുവരുന്നത് എന്നത് വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ ഇതിനകം തുടക്കമിട്ടുകഴിഞ്ഞു. പുതിയ മാറ്റങ്ങൾ മുല്ലപ്പെരിയാർ സുരക്ഷാ പരിശോധനകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ മലയാളികൾ.
നമ്മളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന നല്ലൊരു കൂട്ടുകാരനാണ് പുസ്തകങ്ങൾ. അറിവിന്റെയും കഥകളുടെയും ആ ലോകത്തേക്ക് മലയാളിക്ക് വഴി കാണിച്ചുതന്ന ദിവസമാണ് ജൂൺ 19, വായനാദിനം.

കേരളത്തിൽ ഒരുപാട് വായനശാലകൾ തുടങ്ങാൻ കാരണക്കാരനായ പി.എൻ. പണിക്കരുടെ ഓർമ്മക്കായാണ് ഈ ദിവസം വായനാദിനമാക്കിയത്. “വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക” എന്നതായിരുന്നു അദ്ദേഹം നമുക്ക് തന്ന സന്ദേശം. ഇന്ന് നമ്മൾ കൂടുതൽ സമയവും മൊബൈൽ ഫോണിലാണ് ചിലവഴിക്കുന്നത്. റീലുകളും സോഷ്യൽ മീഡിയയും നമ്മുടെ സമയവും ശ്രദ്ധയും കവർന്നുതുടങ്ങി. എന്നാൽ ഫോൺ ഉപയോഗം കുറച്ച്, ദിവസവും കുറച്ചു സമയമെങ്കിലും പുസ്തകങ്ങൾ വായിക്കാൻ നമ്മൾ ശീലിക്കണം. പുസ്തകങ്ങൾ നമ്മുടെ അറിവ് കൂട്ടുക മാത്രമല്ല, പുതിയ ചിന്തകളും നല്ല സ്വഭാവവും തരികയും ചെയ്യും. അച്ചടിച്ച പുസ്തകങ്ങളോ ഫോണിലെ ഇ-ബുക്കുകളോ ഏതുമാകട്ടെ, വായന നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം. വായന എന്നത് വെറുമൊരു ശീലമല്ല, അത് നമ്മുടെ ജീവിതത്തെ മാറ്റിയെടുക്കുന്ന ഒരു വലിയ ശക്തിയാണ്. ഈ വായനാദിനത്തിൽ മൊബൈൽ ഫോണുകൾ അല്പം ദൂരേക്ക് മാറ്റിപിടിച്ച്, നമുക്ക് പ്രിയപ്പെട്ട ഒരു പുസ്തകം തുറക്കാം. കാരണം, വായിക്കുന്ന ഒരു തലമുറയ്ക്ക് മാത്രമേ നല്ലൊരു നാളെ കെട്ടിപ്പടുക്കാൻ സാധിക്കൂ.
മരിച്ചിട്ടും തോൽക്കാത്ത നീതിക്കായുള്ള പോരാട്ടം

കൊലയാളി എന്ന മുദ്രകുത്തി ഇരുമ്പഴിക്കുള്ളിലാക്കുമ്പോഴും താൻ നിരപരാധിയാണെന്ന് ആ മനുഷ്യൻ ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു. നീണ്ട 24 വർഷത്തെ ജയിൽവാസം ഒടുവിൽ ന്യൂമോണിയയുടെ രൂപത്തിൽ അയാളുടെ ജീവനെടുത്തപ്പോഴും ആ കുടുംബം പോരാട്ടം അവസാനിപ്പിച്ചില്ല. ജപ്പാനെ ഒന്നടങ്കം പിടിച്ചുലച്ച ഹിരോമു സകാഹാര എന്ന മനുഷ്യന്റെ കഥയാണിത്. മരിച്ച് 15 വർഷങ്ങൾക്ക് ശേഷം, അതും അദ്ദേഹം ജീവനോടെയുണ്ടായിരുന്നെങ്കിൽ കേൾക്കാൻ ഏറെ കൊതിച്ചിരുന്ന ആ വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്; സകാഹാരയുടെ കേസ് ജാപ്പനീസ് കോടതി വീണ്ടും പുനർവിചാരണയ്ക്ക് എടുക്കുന്നു! എല്ലാം തുടങ്ങിയത് 1984 ലാണ്. ജപ്പാനിലെ ഹിനോ നഗരത്തിലെ ഒരു മദ്യശാലയിൽ നടന്ന കവർച്ചയും മാനേജരുടെ കൊലപാതകവുമാണ് സകാഹാരയുടെ സാധാരണ ജീവിതം തകിടം മറിച്ചത്. ആ മദ്യശാലയിലെ സ്ഥിരം സന്ദർശകനായിരുന്ന സകാഹാരയെ പോലീസ് സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്തു. എന്നാൽ കൊലപാതകം നടന്ന രാത്രിയിൽ അദ്ദേഹം മറ്റൊരിടത്തായിരുന്നുവെന്ന് ഭാര്യ തെളിയിച്ചതോടെ പോലീസ് അദ്ദേഹത്തെ വിട്ടയച്ചു. പക്ഷേ, കഥ അവിടെ തീർന്നില്ല. മൂന്ന് വർഷങ്ങൾക്ക് ശേഷം പോലീസ് വീണ്ടും അദ്ദേഹത്തെ തേടിയെത്തി. ഒരു ദിവസം മുഴുവൻ നീണ്ട ക്രൂരമായ ചോദ്യം ചെയ്യലിനൊടുവിൽ സകാഹാര കുറ്റം സമ്മതിച്ചതായി പോലീസ് പ്രഖ്യാപിച്ചു.തുടർന്ന് നടന്ന വിചാരണയിൽ, താൻ നിരപരാധിയാണെന്നും പോലീസ് ക്രൂരമായി മർദ്ദിച്ചും കുടുംബത്തെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് കുറ്റസമ്മതം ഒപ്പിടുവിച്ചതെന്നും സകാഹാര കോടതിയിൽ തുറന്നുപറഞ്ഞു. എന്നാൽ പോലീസിന്റെ വാദങ്ങൾ ശരിവെച്ച കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു. ജയിലിലെ ദുരിതപൂർണ്ണമായ ജീവിതം അദ്ദേഹത്തിന്റെ ആരോഗ്യം തകർത്തു. ഒടുവിൽ 2011-ൽ ന്യൂമോണിയ ബാധിച്ച് അദ്ദേഹം ജയിലിനുള്ളിൽ വെച്ച് തന്നെ മരണത്തിന് കീഴടങ്ങി.പിതാവിനെ ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടത്തിലും കുടുംബം നിയമപോരാട്ടം കൈവിട്ടില്ല. ‘കൊലയാളിയുടെ കുടുംബം’ എന്ന് വിളിച്ച് സമൂഹം ക്രൂരമായി അധിക്ഷേപിച്ചപ്പോഴും, അമ്മയ്ക്ക് വന്നിരുന്ന ഭീഷണി കോളുകളെ അതിജീവിച്ചും മകൻ കോജി സകാഹാരയും കുടുംബവുംപോരാടിക്കൊണ്ടേയിരുന്നു. ആ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനാണ് ഇപ്പോൾ ജാപ്പനീസ് കോടതിയിലൂടെ വഴിത്തിരിവുണ്ടായിരിക്കുന്നത്. വൈകിയാണെങ്കിലും തേടിയെത്തിയ ഈ അനുകൂല വിധി പങ്കുവെക്കാൻ കഴിഞ്ഞ ദിവസം കുടുംബാംഗങ്ങൾ സകാഹാരയുടെ കല്ലറയ്ക്ക് ചുറ്റും ഒത്തുകൂടി. മരണാനന്തരമെങ്കിലും അദ്ദേഹത്തിന്റെ പേരിൽ വീണ കറ കഴുകിക്കളയാൻ ഈ പുനർവിചാരണയിലൂടെ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ കുടുംബം.
തിയേറ്ററുകളിൽ കൈയടി നേടി; ഇനി ഒടിടി കൈയടക്കാൻ ഷെയ്ൻ നിഗം! ‘ദൃഢം’ സ്ട്രീമിങ് തീയതി പുറത്ത്

തിയേറ്ററുകളിൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ഷെയ്ൻ നിഗത്തിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ദൃഢം’ ഒടിടിയിലേക്ക്. മികച്ച തിയേറ്റർ പ്രതികരണങ്ങൾക്ക് ശേഷം ചിത്രം ഡിജിറ്റൽ റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാറിലൂടെ ജൂൺ 12 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. തിയേറ്ററുകളേക്കാൾ വലിയൊരു പ്രേക്ഷകസ്വീകാര്യത ഒടിടി റിലീസിലൂടെ ചിത്രത്തിന് ലഭിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തലുകൾ. ‘കൊറോണ പേപ്പേഴ്‌സി’നും ‘വേല’യ്ക്കും ശേഷം ഷെയ്ൻ നിഗം വീണ്ടും പൊലീസ് യൂണിഫോമിലെത്തുന്ന ചിത്രമാണിത്. എന്നാൽ സ്ഥിരം കണ്ടുവരുന്ന മാസ് ഡയലോഗുകളോ പറന്നുയരുന്ന ആക്ഷൻ രംഗങ്ങളോ ഉള്ള ഒരു ‘സൂപ്പർ ഹീറോ’ പൊലീസുകാരനല്ല ഇതിലെ നായകൻ. തന്റെ 26-ാം വയസ്സിൽ വലിയ പ്രതീക്ഷകളോടെയും ആത്മവിശ്വാസത്തോടെയും കുഴിനിലം എന്ന നാട്ടിൻപുറത്തെ സ്റ്റേഷനിൽ ചാർജെടുക്കുന്ന എസ്.ഐ വിജയ് രാധാകൃഷ്ണന്റെ കഥയാണ് ചിത്രം പറയുന്നത്. ജോലിയിലെ പുതുമുഖമായ വിജയ് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളും, അയാൾക്ക് പറ്റുന്ന ചില തെറ്റുകളും, അതിലൂടെയുള്ള തിരിച്ചറിവുകളുമാണ് സിനിമയുടെ ഇതിവൃത്തം. ഒരു സാധാരണക്കാരനായ പൊലീസുകാരന്റെ മാനസിക സമ്മർദ്ദങ്ങളും ഉത്തരവാദിത്തങ്ങളും വളരെ റിയലിസ്റ്റിക്കായി ചിത്രം ചർച്ച ചെയ്യുന്നു. ജീത്തു ജോസഫിന്റെ കളരിയിൽ നിന്ന് മാർട്ടിൻ ജോസഫ് പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ കൂടെ 2020 മുതൽ സംവിധാന സഹായിയായി പ്രവർത്തിച്ച മാർട്ടിൻ ജോസഫ് സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണിത്. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ലളിതവും എന്നാൽ പ്രേക്ഷകരെ ആകർഷിക്കുന്നതുമായ മേക്കിംഗ് ശൈലിയാണ് ചിത്രത്തിന്റേത്. ഷെയ്ൻ നിഗത്തിനൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റ്സും ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീസും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത്. മുകേഷ് ആർ മെഹ്‌ത, സി വി സാരഥി എന്നിവരാണ് നിർമ്മാതാക്കൾ. തിയേറ്ററുകളിൽ മിസ് ചെയ്തവർക്കും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി ജൂൺ 12 മുതൽ ‘ദൃഢം’ നിങ്ങളുടെ സ്ക്രീനുകളിലേക്ക് എത്തുകയാണ്. ഒടിടിയിൽ ചിത്രം എന്ത് തരം തരംഗമാണ് സൃഷ്ടിക്കുകയെന്ന് കാത്തിരുന്ന് കാണാം.
കാത്തിരിപ്പുകൾക്ക് വിരാമം; ബിടിഎസ് വീണ്ടും ഒന്നിക്കുന്നു, ലോകം കീഴടക്കാൻ ‘ഫെസ്റ്റ 2026’

കെ-പോപ്പ് ആരാധകരുടെ ഹൃദയം കീഴടക്കിയ ബിടിഎസ് (BTS) തങ്ങളുടെ സംഗീത യാത്രയുടെ പതിമൂന്നാം വർഷത്തിലേക്ക് ചുവടുവെക്കുകയാണ്. നീണ്ട നാല് വർഷത്തെ സൈനിക സേവനത്തിന് ശേഷം ഏഴ് അംഗങ്ങളും ഒരുമിച്ച് തിരിച്ചെത്തുന്ന സുപ്രധാന നിമിഷത്തിലാണ് 2026-ലെ ഈ ജന്മദിനാഘോഷം വന്നെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂൺ 4 മുതൽ 13 വരെ ‘ഫെസ്റ്റ 2026’ എന്ന പേരിൽ വലിയ ആഘോഷങ്ങളാണ് ദക്ഷിണ കൊറിയയിൽ ഒരുങ്ങുന്നത്. ബാൻഡിന്റെ അപൂർവ്വമായ ഫാമിലി ചിത്രങ്ങൾ, ആരാധകർക്കായി പ്രത്യേകം തയാറാക്കിയ ഹൂളിഗൻ പെർഫോമൻസ് വിഡിയോ, അവരുടെ വ്യക്തിജീവിതം കാണിക്കുന്ന ഡോക്യുമെന്ററി എന്നിവയെല്ലാം ഈ ദിവസങ്ങളിൽ പുറത്തുവരും. കൂടാതെ, ഷുഗ നിർമ്മിച്ച് ആർഎമ്മും ജെ-ഹോപ്പും വരികളെഴുതിയ ‘കം ഓവർ’ എന്ന പുതിയ ഡിജിറ്റൽ ഗാനവും ജൂൺ 12-ന് ആരാധകരിലേക്ക് എത്തും. ഗാനങ്ങൾക്ക് പുറമെ, ആരാധകരുടെ പ്രിയപ്പെട്ട വെറൈറ്റി ഷോയായ ‘റൺ ബിടിഎസ് 2.0’-യുടെ പുതിയ എപ്പിസോഡുകൾ ജൂൺ 11 മുതൽ സംപ്രേഷണം ആരംഭിക്കുന്നത് ആവേശമിരട്ടിയാക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ജൂൺ 12, 13 തീയതികളിൽ ദക്ഷിണ കൊറിയയിലെ ബുസാൻ ഏഷ്യാഡ് മെയിൻ സ്റ്റേഡിയത്തിൽ വൻ കൺസേർട്ടും ഒരുക്കിയിട്ടുണ്ട്. തങ്ങൾ വേർപിരിഞ്ഞ അതേ മണ്ണിലേക്ക് കൂടുതൽ ശക്തമായി അവർ തിരിച്ചെത്തുമ്പോൾ ആഗോളതലത്തിൽ ബിടിഎസ് പ്രഭാവം വീണ്ടും തരംഗമാവുകയാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷവും കഴിഞ്ഞ ഏപ്രിലിൽ നടന്ന ഷോകളിൽ നിന്ന് മാത്രം 76 മില്യൻ ഡോളറിലധികം വരുമാനം നേടി ഇവർ ചരിത്രം കുറിച്ചിരുന്നു. പ്രതിസന്ധികളെ മറികടന്ന് തങ്ങളുടെ രണ്ടാം വരവ് പ്രഖ്യാപിക്കുന്ന ബിടിഎസിനെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള ‘ആർമി’ ഇപ്പോൾ ഒരുങ്ങിക്കഴിഞ്ഞു.