സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനുഭവം പങ്കുവച്ച് നടി പത്മപ്രിയ. മലയാള സിനിമയിലെ ഒരു ആക്ഷൻ രംഗത്തിനിടെ ചാടി അഭിനയിക്കുമ്പോൾ കാൽ തെറ്റി വീഴുകയായിരുന്നു. അപകടത്തിൽ കാൽമുട്ടിലെ എ. സി. എൽ ലിഗമെന്റിന് പൂർണമായി പരിക്കേറ്റതായും താരം വെളിപ്പെടുത്തി.
ഒരു മാസത്തോളം കിടപ്പിലായിരുന്നത് ഏറെ പ്രയാസകരമായിരുന്നുവെന്ന് പദ്മപ്രിയ പറഞ്ഞു. സിനിമയിലേക്കുള്ള തിരിച്ചു വരവിനൊപ്പം പിഞ്ചുകുഞ്ഞിന്റെ അമ്മയെന്ന ഉത്തരവാദിത്വവും നൃത്തത്തോടുള്ള താൽപര്യവും മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഈ കാലഘട്ടം ശാരീരികമായും മാനസികമായും വലിയ വെല്ലുവിളിയായിരുന്നുവെന്നും താരം വ്യക്തമാക്കി.
പരിക്കിനെത്തുടർന്ന് ശരീരത്തിലുണ്ടായ മാറ്റങ്ങളും ഫിറ്റനസ്, ഭക്ഷണക്രമം എന്നിവയെക്കുറിച്ചുള്ള ആശങ്കകളും പദ്മപ്രിയ പങ്കുവെച്ചു. ഒരു നർത്തകി, കായികതാരം, അമ്മ എന്നീ നിലകളിൽ ഈ അവസ്ഥയെ എങ്ങനെ അതിജീവിക്കാമെന്ന തന്റെ അനുഭവങ്ങൾ വരും ദിവസങ്ങളിൽ പങ്കുവയ്ക്കുമെന്നും അറിയിച്ചു.






