ആറാം ക്ലാസുകാർക്കും ത്രിഭാഷാ നയത്തിൽ ഇളവ്; സുപ്രീം കോടതി നിർദേശം

സിബിഎസ്ഇയുടെ പുതിയ ത്രിഭാഷാ നയത്തിൽ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഇളവ് അനുവദിക്കാൻ സുപ്രീം കോടതി നിർദേശം. നിലവിൽ ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള ഇളവ് ആറാം ക്ലാസുകാർക്കും ബാധകമാക്കണമെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. വിദ്യാർഥികളുടെ ഭാവി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.

നിലവിലെ ആറാം ക്ലാസ് ബാച്ചിന് ഇളവ് അനുവദിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. അതേസമയം, രാജ്യത്തെ 99 ശതമാനം സിബിഎസ്ഇ സ്കൂളുകളും പുതിയ ഭാഷാ നയം നടപ്പാക്കാൻ സജ്ജമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. ആകെയുള്ള 28,819 സിബിഎസ്ഇ സ്കൂളുകളിൽ 1.2 ശതമാനം സ്കൂളുകൾക്ക് മാത്രമാണ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുള്ളതെന്നും പാഠപുസ്തകങ്ങൾ ലഭ്യമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

2027ലെ അടുത്ത അധ്യയന വർഷം മുതൽ ആറാം ക്ലാസ് വിദ്യാർഥികൾക്ക് രണ്ട് മാതൃഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കുന്ന നയം നടപ്പാക്കുന്നത് പരിഗണിക്കണമെന്ന് സെപ്റ്റംബർ 17ന് സുപ്രീം കോടതി സിബിഎസ്ഇയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആറാം ക്ലാസുകാർക്കും നിലവിലുള്ള ഇളവ് ബാധകമാക്കാനുള്ള നിർദേശം കോടതി മുന്നോട്ടുവച്ചത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *