ദീപാവലി സീസണിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതിനെതിരെ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. നിരക്ക് 700 ശതമാനം വരെ വർധിച്ചെന്ന ഹർജിക്കാരന്റെ വാദത്തിന് ‘എങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ട’ എന്നായിരുന്നു ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം. ജസ്റ്റിസുമാരായ സന്ദീപ് മേത്ത, അപരേശ് സിങ് എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.
ഉത്സവകാലത്തെ അമിത വിമാന നിരക്കുകൾ നിയന്ത്രിക്കാനും ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് എസ്. ലക്ഷ്മിനാരായണനാണ് പൊതുതാൽപ്പര്യ ഹർജി നൽകിയത്. വിമാനയാത്ര അവശ്യസേവനമാണെന്നും അമിത നിരക്ക് വർധന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹർജിക്കാരനുവേണ്ടി അഭിഭാഷകൻ വാദിച്ചു.
ഡൽഹി-കൊൽക്കത്ത റൂട്ടിൽ സാധാരണ 10,000 രൂപയുള്ള ടിക്കറ്റിന് നവംബർ ആറിന് 78,694 രൂപ വരെ ഈടാക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി. ബെംഗളൂരു-ഡൽഹി റൂട്ടിൽ ഒരേ ദിവസത്തെ വ്യത്യസ്ത സർവീസുകൾക്ക് 15,901 രൂപ മുതൽ 40,506 രൂപ വരെയും ഡൽഹി-മുംബൈ നിരക്ക് 5,223 രൂപയിൽ നിന്ന് 26,793 രൂപ വരെയും ഉയർന്നതായും ഹർജിയിൽ ആരോപിക്കുന്നു. ഉത്സവസീസണിൽ യാത്രക്കാരെ വിമാനക്കമ്പനികൾ ചൂഷണം ചെയ്യുകയാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.






