തിരുവനന്തപുരത്ത് അനധികൃത റേഷൻ അരിക്കടത്ത്; ലോറി കസ്റ്റഡിയിൽ എടുത്ത് പൊലീസ്

തിരുവനന്തപുരത്ത് അനധികൃത റേഷൻ അരിക്കടത്ത് നടത്തിയെന്ന സംശയത്തിൽ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. പൂവാർ സ്വദേശി കാർത്തികേയന്റെ നേതൃത്വത്തിലുള്ള ‘ശ്രീമുരുകൻ’ എന്ന പേരിലുള്ള ലോറിയാണ് കഴക്കൂട്ടത്ത് ദേശീയപാതയിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. കേരള-തമിഴ്നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റുകൾ കടന്നാണ് ലോറി കഴക്കൂട്ടത്ത് എത്തിയത്. തുടർന്ന് ലോറി എആർ ക്യാമ്പിലേക്ക് മാറ്റി. കേരള-തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള റേഷൻ അരിക്കടത്തിലെ പ്രധാന കണ്ണിയാണ് കാർത്തികേയനെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേരള-തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് റേഷൻ കരിഞ്ചന്ത മാഫിയ സജീവമാണെന്ന് റിപ്പോർട്ടർ എസ്‌ഐടി അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും റേഷൻ കടകളിലൂടെ ലഭിക്കുന്ന അരി സ്വകാര്യ മില്ലുകളിൽ എത്തിച്ച് പോളിഷ് ചെയ്ത് നിറം ചേർത്ത് പ്രത്യേക ബ്രാൻഡുകളാക്കി വിപണിയിൽ എത്തിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാഫിയയ്ക്ക് വേണ്ടി റേഷൻ അരി ശേഖരിച്ച് എത്തിക്കുന്നതിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കാളികളാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും ഒളിക്യാമറയിൽ പതിഞ്ഞിരുന്നു. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന ഊരമ്പിൽ കേന്ദ്രീകരിച്ചായിരുന്നു റേഷൻ അരി തട്ടിപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടർ സംഘത്തിന്റെ അന്വേഷണം. പുലർച്ചെ 4.30 മുതൽ തന്നെ അരിമില്ലുകളിലേക്ക് ലോറികൾ എത്തുകയും ലോഡുകൾ കയറ്റിയ ശേഷം 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനത്തിലൂടെ അരി കടത്തുകയും ചെയ്യുന്നതായാണ് കണ്ടെത്തിയത്. റേഷൻ ഗുണഭോക്താക്കൾ മുതൽ വാതിൽപ്പടി വിതരണക്കാർക്കും റേഷൻ കട ഉടമകൾക്കും വരെ മാഫിയയുടെ ശൃംഖലയിൽ പങ്കുണ്ടെന്ന വിവരങ്ങളും അന്വേഷണത്തിൽ പുറത്തുവന്നു.
ഓണം ഗിഫ്റ്റ് കൂപ്പണിന്റെ മറവിൽ പഞ്ചസാര മറിച്ചുവിൽപ്പന; സപ്ലൈകോ സോഫ്റ്റ്‌വെയറിലും മാറ്റം

ഓണം ഗിഫ്റ്റ് കൂപ്പണിന്റെ മറവിൽ സ്വകാര്യ കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് പഞ്ചസാര മറിച്ചുവിൽക്കാൻ സപ്ലൈകോയുടെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയതായി കണ്ടെത്തൽ. ഇതിനായി മാർക്കറ്റിങ് അഡിഷനൽ ജനറൽ മാനേജർ പ്രത്യേക ഉത്തരവ് ഇറക്കിയതായും വിവരങ്ങൾ പുറത്തുവന്നു. ഇതോടെ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥ ഇടപെടലുണ്ടായെന്ന സംശയവും ശക്തമാകുകയാണ്. പൊതുവിപണിയിലെ വിലക്കയറ്റം കണക്കിലെടുത്ത് ഓഗസ്റ്റ് 23 മുതൽ ഒരു ബില്ലിൽ പരമാവധി രണ്ട് കിലോഗ്രാം പഞ്ചസാര മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 29 മുതൽ 31 വരെ ഗിഫ്റ്റ് കൂപ്പൺ ഉപയോഗിച്ച് കൂടുതൽ പഞ്ചസാര ബിൽ ചെയ്യുന്നതിനായി സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുകയായിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ഏകദേശം 4,500 കിലോഗ്രാം പഞ്ചസാര കൂപ്പൺ നമ്പറിൽ ബിൽ ചെയ്യാൻ സാധിക്കാതെ വന്നതോടെ 1,000 മുതൽ 2,000 കിലോഗ്രാം വരെ ചില മാവേലി സ്റ്റോറുകൾ ഗോഡൗണുകളിലേക്ക് തിരിച്ചയച്ചതായാണ് വിവരം. ഇത്തവണ ഏകദേശം ഒന്നരക്കോടി രൂപയുടെ ഓണം ഗിഫ്റ്റ് കൂപ്പണുകളാണ് സപ്ലൈകോ വിതരണം ചെയ്തത്. എറണാകുളം ജില്ലയിൽ മാത്രം 25 ലക്ഷം രൂപയുടെ കൂപ്പണുകൾ വിറ്റിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പരിശോധന നടന്നാൽ മറ്റു ഡിപ്പോകളിലും സമാനമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നതും പുറത്തുവരും.
നീലക്കുറിഞ്ഞിയുടെ നാടിനെ വിഴുങ്ങി കാട്ടുതീ; അപൂർവ സസ്യസമ്പത്തിന് വൻനാശം, 2029ലെ പൂക്കാലം ആശങ്കയിൽ

പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ പ്രധാന ആവാസമേഖലകളിലൊന്നായ കാന്തല്ലൂർ ചന്ദ്രമണ്ഡലം മലനിരകളിൽ കാട്ടുതീ പടർന്നത് ആശങ്കയാകുന്നു. രണ്ടാഴ്ച മുൻപ് തുടർച്ചയായി രണ്ടു ദിവസത്തോളം പടർന്ന തീയിൽ ഏക്കർ കണക്കിന് പ്രദേശത്തെ മരങ്ങളും ചെടികളും വിവിധ സസ്യജാലങ്ങളും കത്തിനശിച്ചു. അടുത്ത നീലക്കുറിഞ്ഞി പൂക്കാലത്തെ വരവേൽക്കാൻ വളർന്നുകൊണ്ടിരുന്ന കുറിഞ്ഞിച്ചെടികൾക്കും തീപിടിച്ചിരിക്കാമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മറയൂർ മേഖലയിലെ പ്രധാന കുറിഞ്ഞി പ്രദേശങ്ങളിലൊന്നാണ് ആനമുടി ഷോല ദേശീയോദ്യാനത്തിന്റെ ഭാഗമായ കാന്തല്ലൂർ ചന്ദ്രമണ്ഡലം ഉൾപ്പെടുന്ന ഒള്ളവയൽ-വത്സപ്പെ മലനിരകൾ. 2018ൽ ഇവിടെ മലനിരകളുടെ വിവിധ ഭാഗങ്ങളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തിരുന്നു. അതോടെ സഞ്ചാരികളുടെ വലിയ ഒഴുക്കും ഈ മേഖലയിലേക്ക് ഉണ്ടായി. 2018ലെ പൂക്കാലത്തിന് ശേഷം അടുത്ത പൂക്കാലം 2029-30 കാലയളവിലാണ് പ്രതീക്ഷിക്കുന്നത്. അടുത്ത പൂക്കാലത്തിന് ഇനി ഏതാനും വർഷങ്ങൾ മാത്രം ശേഷിക്കെ നീലക്കുറിഞ്ഞിയുടെ ആവാസമേഖലയിൽ തീപിടിത്തമുണ്ടായത് വലിയ പാരിസ്ഥിതിക ആശങ്കയാണ് ഉയർത്തുന്നത്. കാട്ടുതീയുടെ വ്യാപ്തി കണക്കിലെടുത്ത് മലനിരകളിലെ കുറിഞ്ഞിച്ചെടികൾക്ക് എത്രത്തോളം നാശമുണ്ടായെന്ന് വനംവകുപ്പ് അടിയന്തരമായി പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപൂർവ സസ്യസമ്പത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക പരിശോധനയും തുടർ നടപടികളും വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.
ഇന്ത്യയിൽ OTT തരംഗം; ഉപഭോക്താക്കൾ 66.49 കോടിയായി

ഇന്ത്യയിലെ ഡിജിറ്റൽ വിനോദ വിപണി അതിവേഗം വളരുന്നതായി ഓർമാക്സ് മീഡിയയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. രാജ്യത്തെ OTT ഉപഭോക്താക്കളുടെ എണ്ണം 66.49 കോടിയായി ഉയർന്നു. 2025ലെ 60.12 കോടിയെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണിത്. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 45 ശതമാനം പേർ OTT ഉള്ളടക്കം ഉപയോഗിക്കുന്നതായാണ് കണക്ക്. നഗര-ഗ്രാമ മേഖലകളിലായി 15,000 പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. വലിയ സ്‌ക്രീനുകളിലേക്കും OTT ഉപയോഗം ശക്തമായി മാറുകയാണ്. സ്മാർട്ട് ടിവികളും ഇന്റർനെറ്റ് അധിഷ്ഠിത ഉപകരണങ്ങളും വഴി ഉള്ളടക്കം കാണുന്ന കണക്റ്റഡ് ടിവി ഉപഭോക്താക്കളുടെ എണ്ണം 60 ശതമാനം വർധിച്ച് 20.69 കോടിയായി. അതേസമയം, പണം നൽകി OTT സേവനങ്ങൾ ഉപയോഗിക്കുന്ന സജീവ ഉപഭോക്താക്കളുടെ എണ്ണം 17.26 കോടിയായി ഉയർന്നു. മുൻവർഷത്തേക്കാൾ 16 ശതമാനം വളർച്ചയാണ് പെയ്ഡ് ഉപഭോക്താക്കളിൽ രേഖപ്പെടുത്തിയത്. സ്മാർട്ട്ഫോണിനൊപ്പം ടിവിയിലും OTT കാണുന്ന ‘ടു-സ്ക്രീൻ’ ശീലത്തിലേക്ക് ഇന്ത്യ മാറുകയാണെന്ന് ഓർമാക്സ് മീഡിയ സ്ഥാപകനും സിഇഒയുമായ ശൈലേഷ് കപൂർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 44 പ്രധാന നഗരങ്ങളിൽ പത്ത് ലക്ഷത്തിലധികം OTT പ്രേക്ഷകരുണ്ട്. സോഷ്യൽ മീഡിയ വീഡിയോകളും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെ ശരാശരി ഒരു ഇന്ത്യൻ ഉപഭോക്താവ് ആഴ്ചയിൽ 14.9 മണിക്കൂർ വീഡിയോ വിനോദത്തിനായി ചെലവഴിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നീലക്കുറിഞ്ഞി കാണാനെത്തിയ യുവാക്കൾ ചെന്താമലയിൽ കുടുങ്ങി; വനത്തിൽ തിരച്ചിൽ

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഇവിടേക്ക് എത്തിയ രണ്ട് യുവാക്കൾ വനത്തിനുള്ളിൽ കുടുങ്ങിയതായി വിവരം. അട്ടപ്പാടി താവളം സ്വദേശികളായ അഭീന്ദർ (23)യും സുഹൃത്ത് ഷാനുവുമാണ് ചെന്താമലയിലേക്ക് എത്തിയത്. ഉച്ചയോടെ സ്ഥലത്തെത്തിയ ഇരുവരും നീലക്കുറിഞ്ഞി ഉൾപ്പെടെയുള്ള കാഴ്ചകൾ കണ്ടശേഷം പ്രദേശത്ത് സഞ്ചരിക്കുകയായിരുന്നു. എന്നാൽ വൈകിട്ടും ഇരുവരും താഴേക്ക് തിരിച്ചെത്തിയില്ല. തുടർന്ന് വനത്തിനുള്ളിൽ ഇരുവർക്കും വഴി തെറ്റിയതായാണ് പുറത്തുവരുന്ന വിവരം. സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ അട്ടപ്പാടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചു. ഇരുവർക്കും വനത്തിനുള്ളിൽ വഴി തെറ്റിയതാകാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തിന്റെ വനഭൂപ്രകൃതിയും ഇരുട്ടായതും തിരച്ചിലിന് വെല്ലുവിളിയായേക്കാം. യുവാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ വനംവകുപ്പ് തുടരുകയാണ്.
നേപ്പാളിൽ 5 തീവ്രത രേഖപ്പെടുത്തി ഭൂചലനം; പ്രളയഭീതിക്കിടെ ആശങ്ക

നേപ്പാളിൽ റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. കാഠ്മണ്ഡുവിൽ നിന്ന് 96 കിലോമീറ്റർ അകലെയുള്ള മുസ്താങ്ങ് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, മേഖലയിൽ നിലനിൽക്കുന്ന മറ്റൊരു ആശങ്കയ്ക്കിടെയാണ് ഭൂചലനം ഉണ്ടായത്. ചൈനയിൽ കൃത്രിമ തടാകം രൂപപ്പെട്ടിട്ടുണ്ടെന്നും ഇത് തകർന്നാൽ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്നും ചൈന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രദേശത്ത് നേരത്തെയുണ്ടായ പ്രളയത്തിന്റെ ദുരിതം ജനങ്ങൾ ഇപ്പോഴും അനുഭവിക്കുന്നതിനിടെയാണ് പുതിയ ഭൂചലനം. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയുണ്ടായ പ്രകമ്പനം ആശങ്ക ഉയർത്തിയെങ്കിലും, നിലവിൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണ്.
മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി; 186 യാത്രക്കാർ സുരക്ഷിതർ

കോലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട മലേഷ്യ എയർലൈൻസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. തിങ്കളാഴ്ച വൈകിട്ട് രണ്ടാമത്തെ എൻജിനിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം എമർജൻസി ലാൻഡിങ് നടത്തിയത്. മലേഷ്യ എയർലൈൻസിന്റെ എയർബസ് A330-200 വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. 186 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പൂർണ എമർജൻസി പ്രഖ്യാപിച്ച ശേഷം വൈകിട്ട് 4.44ഓടെ വിമാനം ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. എൻജിനിലെ സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.
വിനോദസഞ്ചാരികളുമായി അപകടയാത്ര; ജീപ്പ് പിടിച്ചെടുത്ത് എംവിഡി

വിനോദസഞ്ചാരികളുമായി അപകടകരമായ രീതിയിൽ യാത്ര നടത്തിയ ജീപ്പ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഇടുക്കി വണ്ടിപ്പെരിയാർ സത്രം മൗണ്ടിന് സമീപമായിരുന്നു സംഭവം. അപകടകരമായ രീതിയിൽ ജീപ്പ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പീരുമേട് ആർ.ടി.ഒ അധികൃതർ നടത്തിയ പരിശോധനയിലാണ് ജീപ്പ് പിടിച്ചെടുത്തത്. വാഹനത്തിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. നിയമലംഘനത്തിന് ഡ്രൈവർക്കെതിരെ തുടർനടപടികളും സ്വീകരിച്ചു. ശിക്ഷയുടെ ഭാഗമായി വാഹന നിയമങ്ങളെക്കുറിച്ച് വിദഗ്ധ പരിശീലനത്തിൽ പങ്കെടുക്കാനും സാമൂഹിക സേവനം നടത്താനും ഡ്രൈവറോട് നിർദേശിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.