ഇന്ത്യയിൽ OTT തരംഗം; ഉപഭോക്താക്കൾ 66.49 കോടിയായി

ഇന്ത്യയിലെ ഡിജിറ്റൽ വിനോദ വിപണി അതിവേഗം വളരുന്നതായി ഓർമാക്സ് മീഡിയയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. രാജ്യത്തെ OTT ഉപഭോക്താക്കളുടെ എണ്ണം 66.49 കോടിയായി ഉയർന്നു. 2025ലെ 60.12 കോടിയെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണിത്. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 45 ശതമാനം പേർ OTT ഉള്ളടക്കം ഉപയോഗിക്കുന്നതായാണ് കണക്ക്. നഗര-ഗ്രാമ മേഖലകളിലായി 15,000 പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

വലിയ സ്‌ക്രീനുകളിലേക്കും OTT ഉപയോഗം ശക്തമായി മാറുകയാണ്. സ്മാർട്ട് ടിവികളും ഇന്റർനെറ്റ് അധിഷ്ഠിത ഉപകരണങ്ങളും വഴി ഉള്ളടക്കം കാണുന്ന കണക്റ്റഡ് ടിവി ഉപഭോക്താക്കളുടെ എണ്ണം 60 ശതമാനം വർധിച്ച് 20.69 കോടിയായി. അതേസമയം, പണം നൽകി OTT സേവനങ്ങൾ ഉപയോഗിക്കുന്ന സജീവ ഉപഭോക്താക്കളുടെ എണ്ണം 17.26 കോടിയായി ഉയർന്നു. മുൻവർഷത്തേക്കാൾ 16 ശതമാനം വളർച്ചയാണ് പെയ്ഡ് ഉപഭോക്താക്കളിൽ രേഖപ്പെടുത്തിയത്.

സ്മാർട്ട്ഫോണിനൊപ്പം ടിവിയിലും OTT കാണുന്ന ‘ടു-സ്ക്രീൻ’ ശീലത്തിലേക്ക് ഇന്ത്യ മാറുകയാണെന്ന് ഓർമാക്സ് മീഡിയ സ്ഥാപകനും സിഇഒയുമായ ശൈലേഷ് കപൂർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 44 പ്രധാന നഗരങ്ങളിൽ പത്ത് ലക്ഷത്തിലധികം OTT പ്രേക്ഷകരുണ്ട്. സോഷ്യൽ മീഡിയ വീഡിയോകളും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെ ശരാശരി ഒരു ഇന്ത്യൻ ഉപഭോക്താവ് ആഴ്ചയിൽ 14.9 മണിക്കൂർ വീഡിയോ വിനോദത്തിനായി ചെലവഴിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *