പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ പ്രധാന ആവാസമേഖലകളിലൊന്നായ കാന്തല്ലൂർ ചന്ദ്രമണ്ഡലം മലനിരകളിൽ കാട്ടുതീ പടർന്നത് ആശങ്കയാകുന്നു. രണ്ടാഴ്ച മുൻപ് തുടർച്ചയായി രണ്ടു ദിവസത്തോളം പടർന്ന തീയിൽ ഏക്കർ കണക്കിന് പ്രദേശത്തെ മരങ്ങളും ചെടികളും വിവിധ സസ്യജാലങ്ങളും കത്തിനശിച്ചു. അടുത്ത നീലക്കുറിഞ്ഞി പൂക്കാലത്തെ വരവേൽക്കാൻ വളർന്നുകൊണ്ടിരുന്ന കുറിഞ്ഞിച്ചെടികൾക്കും തീപിടിച്ചിരിക്കാമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
മറയൂർ മേഖലയിലെ പ്രധാന കുറിഞ്ഞി പ്രദേശങ്ങളിലൊന്നാണ് ആനമുടി ഷോല ദേശീയോദ്യാനത്തിന്റെ ഭാഗമായ കാന്തല്ലൂർ ചന്ദ്രമണ്ഡലം ഉൾപ്പെടുന്ന ഒള്ളവയൽ-വത്സപ്പെ മലനിരകൾ. 2018ൽ ഇവിടെ മലനിരകളുടെ വിവിധ ഭാഗങ്ങളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തിരുന്നു. അതോടെ സഞ്ചാരികളുടെ വലിയ ഒഴുക്കും ഈ മേഖലയിലേക്ക് ഉണ്ടായി. 2018ലെ പൂക്കാലത്തിന് ശേഷം അടുത്ത പൂക്കാലം 2029-30 കാലയളവിലാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത പൂക്കാലത്തിന് ഇനി ഏതാനും വർഷങ്ങൾ മാത്രം ശേഷിക്കെ നീലക്കുറിഞ്ഞിയുടെ ആവാസമേഖലയിൽ തീപിടിത്തമുണ്ടായത് വലിയ പാരിസ്ഥിതിക ആശങ്കയാണ് ഉയർത്തുന്നത്. കാട്ടുതീയുടെ വ്യാപ്തി കണക്കിലെടുത്ത് മലനിരകളിലെ കുറിഞ്ഞിച്ചെടികൾക്ക് എത്രത്തോളം നാശമുണ്ടായെന്ന് വനംവകുപ്പ് അടിയന്തരമായി പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപൂർവ സസ്യസമ്പത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക പരിശോധനയും തുടർ നടപടികളും വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.





