തിരുവനന്തപുരത്ത് അനധികൃത റേഷൻ അരിക്കടത്ത്; ലോറി കസ്റ്റഡിയിൽ എടുത്ത് പൊലീസ്

തിരുവനന്തപുരത്ത് അനധികൃത റേഷൻ അരിക്കടത്ത് നടത്തിയെന്ന സംശയത്തിൽ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. പൂവാർ സ്വദേശി കാർത്തികേയന്റെ നേതൃത്വത്തിലുള്ള ‘ശ്രീമുരുകൻ’ എന്ന പേരിലുള്ള ലോറിയാണ് കഴക്കൂട്ടത്ത് ദേശീയപാതയിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. കേരള-തമിഴ്നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റുകൾ കടന്നാണ് ലോറി കഴക്കൂട്ടത്ത് എത്തിയത്. തുടർന്ന് ലോറി എആർ ക്യാമ്പിലേക്ക് മാറ്റി. കേരള-തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള റേഷൻ അരിക്കടത്തിലെ പ്രധാന കണ്ണിയാണ് കാർത്തികേയനെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കേരള-തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് റേഷൻ കരിഞ്ചന്ത മാഫിയ സജീവമാണെന്ന് റിപ്പോർട്ടർ എസ്‌ഐടി അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും റേഷൻ കടകളിലൂടെ ലഭിക്കുന്ന അരി സ്വകാര്യ മില്ലുകളിൽ എത്തിച്ച് പോളിഷ് ചെയ്ത് നിറം ചേർത്ത് പ്രത്യേക ബ്രാൻഡുകളാക്കി വിപണിയിൽ എത്തിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാഫിയയ്ക്ക് വേണ്ടി റേഷൻ അരി ശേഖരിച്ച് എത്തിക്കുന്നതിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കാളികളാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും ഒളിക്യാമറയിൽ പതിഞ്ഞിരുന്നു.

തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന ഊരമ്പിൽ കേന്ദ്രീകരിച്ചായിരുന്നു റേഷൻ അരി തട്ടിപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടർ സംഘത്തിന്റെ അന്വേഷണം. പുലർച്ചെ 4.30 മുതൽ തന്നെ അരിമില്ലുകളിലേക്ക് ലോറികൾ എത്തുകയും ലോഡുകൾ കയറ്റിയ ശേഷം 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനത്തിലൂടെ അരി കടത്തുകയും ചെയ്യുന്നതായാണ് കണ്ടെത്തിയത്. റേഷൻ ഗുണഭോക്താക്കൾ മുതൽ വാതിൽപ്പടി വിതരണക്കാർക്കും റേഷൻ കട ഉടമകൾക്കും വരെ മാഫിയയുടെ ശൃംഖലയിൽ പങ്കുണ്ടെന്ന വിവരങ്ങളും അന്വേഷണത്തിൽ പുറത്തുവന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *