നേപ്പാളിൽ റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. കാഠ്മണ്ഡുവിൽ നിന്ന് 96 കിലോമീറ്റർ അകലെയുള്ള മുസ്താങ്ങ് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, മേഖലയിൽ നിലനിൽക്കുന്ന മറ്റൊരു ആശങ്കയ്ക്കിടെയാണ് ഭൂചലനം ഉണ്ടായത്. ചൈനയിൽ കൃത്രിമ തടാകം രൂപപ്പെട്ടിട്ടുണ്ടെന്നും ഇത് തകർന്നാൽ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്നും ചൈന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രദേശത്ത് നേരത്തെയുണ്ടായ പ്രളയത്തിന്റെ ദുരിതം ജനങ്ങൾ ഇപ്പോഴും അനുഭവിക്കുന്നതിനിടെയാണ് പുതിയ ഭൂചലനം. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയുണ്ടായ പ്രകമ്പനം ആശങ്ക ഉയർത്തിയെങ്കിലും, നിലവിൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണ്.





