ഓണം ഗിഫ്റ്റ് കൂപ്പണിന്റെ മറവിൽ പഞ്ചസാര മറിച്ചുവിൽപ്പന; സപ്ലൈകോ സോഫ്റ്റ്‌വെയറിലും മാറ്റം

ഓണം ഗിഫ്റ്റ് കൂപ്പണിന്റെ മറവിൽ സ്വകാര്യ കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് പഞ്ചസാര മറിച്ചുവിൽക്കാൻ സപ്ലൈകോയുടെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയതായി കണ്ടെത്തൽ. ഇതിനായി മാർക്കറ്റിങ് അഡിഷനൽ ജനറൽ മാനേജർ പ്രത്യേക ഉത്തരവ് ഇറക്കിയതായും വിവരങ്ങൾ പുറത്തുവന്നു. ഇതോടെ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥ ഇടപെടലുണ്ടായെന്ന സംശയവും ശക്തമാകുകയാണ്.

പൊതുവിപണിയിലെ വിലക്കയറ്റം കണക്കിലെടുത്ത് ഓഗസ്റ്റ് 23 മുതൽ ഒരു ബില്ലിൽ പരമാവധി രണ്ട് കിലോഗ്രാം പഞ്ചസാര മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 29 മുതൽ 31 വരെ ഗിഫ്റ്റ് കൂപ്പൺ ഉപയോഗിച്ച് കൂടുതൽ പഞ്ചസാര ബിൽ ചെയ്യുന്നതിനായി സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുകയായിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ഏകദേശം 4,500 കിലോഗ്രാം പഞ്ചസാര കൂപ്പൺ നമ്പറിൽ ബിൽ ചെയ്യാൻ സാധിക്കാതെ വന്നതോടെ 1,000 മുതൽ 2,000 കിലോഗ്രാം വരെ ചില മാവേലി സ്റ്റോറുകൾ ഗോഡൗണുകളിലേക്ക് തിരിച്ചയച്ചതായാണ് വിവരം.

ഇത്തവണ ഏകദേശം ഒന്നരക്കോടി രൂപയുടെ ഓണം ഗിഫ്റ്റ് കൂപ്പണുകളാണ് സപ്ലൈകോ വിതരണം ചെയ്തത്. എറണാകുളം ജില്ലയിൽ മാത്രം 25 ലക്ഷം രൂപയുടെ കൂപ്പണുകൾ വിറ്റിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പരിശോധന നടന്നാൽ മറ്റു ഡിപ്പോകളിലും സമാനമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നതും പുറത്തുവരും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *