ഹൈ സ്കോർ പോരാട്ടത്തിന് അരങ്ങൊരുങ്ങി: ഡൽഹിയിൽ ആർസിബി vs ഡൽഹി

“BATTERS PARADISE!”—ഈ ഒരു വാക്കിൽ തന്നെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന്റെ സ്വഭാവം പറഞ്ഞുതീരുന്നു. ഇന്നും അതേ കഥ ആവർത്തിക്കാനൊരുങ്ങുമ്പോൾ, ഡൽഹിയും ആർസിബിയും തമ്മിലുള്ള പോരാട്ടം റൺവെടിക്കെട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹി ക്യാപിറ്റൽസിന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഓപ്പണർമാരുടെ ഫോമില്ലായ്മ ഈ മത്സരത്തെയും ബാധിച്ചേക്കാം.

എങ്കിലും നിതീഷ് റാണ തുടർച്ചയായ രണ്ട് അർദ്ധ സെഞ്ചുറികളുമായി ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് വലിയ ആശ്വാസം നൽകുന്നു.

മധ്യനിരയിലെ മറ്റ് താരങ്ങളും ലഭിച്ച അവസരങ്ങൾ നന്നായി വിനിയോഗിക്കുന്നുണ്ട്. സ്വന്തം തട്ടകത്തിൽ നടക്കുന്ന ഈ മത്സരത്തിൽ വിജയിച്ച് സീസണിന്റെ അവസാന ഘട്ടത്തിൽ ശക്തമായി തിരിച്ചുവരാനാകും അക്സർ പട്ടേലും സംഘവും ശ്രമിക്കുന്നത്.

​മറുഭാഗത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഇത് വിരാട് കോഹ്‌ലിയുടെ ‘ഹോം കമിംഗ്’ കൂടിയാണ്. ഡൽഹിയിൽ വളർന്ന കോഹ്‌ലിക്ക് ഈ മൈതാനത്ത് മികച്ച റെക്കോർഡാണുള്ളത്. ഇവിടെ കളിച്ച 11 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 66.75 ശരാശരിയിൽ 7 അർദ്ധ സെഞ്ചുറികൾ ഉൾപ്പെടെ 534 റൺസ് അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്.

നിലവിൽ ആർസിബി നിരയിൽ 300 റൺസ് പിന്നിട്ട ഏക ബാറ്ററും അദ്ദേഹം തന്നെയാണ്.

യുവതാരം ജേക്കബ് ബെഥേൽ കോഹ്‌ലിക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമ്പോൾ ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ, ടിം ഡേവിഡ് എന്നിവരടങ്ങുന്ന മധ്യനിര ടീമിന് കരുത്തേകുന്നു.

പരിക്കേറ്റ റാസിഖ് സലാമിന് പകരം മങ്കേഷ് യാദവിനെ കളിപ്പിക്കാൻ സാധ്യതയുണ്ട്. ഭുവനേശ്വർ കുമാറും ഹേസൽവുഡും നയിക്കുന്ന ബൗളിംഗ് നിരയും മികച്ച ഫോമിലാണ്.

​ബാറ്റർമാരുടെ പറുദീസയായ ഡൽഹിയിലെ പിച്ച് വീണ്ടുമൊരു ഉയർന്ന സ്കോറിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ചെറിയ ബൗണ്ടറികളും പരന്ന വിക്കറ്റും റൺവേട്ട സുഗമമാക്കും.

മുൻപത്തെ മത്സരത്തിൽ 265 റൺസ് പോലും ഇവിടെ പിന്തുടർന്ന് ജയിച്ചിരുന്നു. ചരിത്രപരമായി നോക്കുമ്പോൾ ഇരുടീമുകളും തമ്മിലുള്ള 33 മത്സരങ്ങളിൽ 20 എണ്ണത്തിലും ജയം ആർസിബിക്കൊപ്പമാണ്. ഡൽഹിയിൽ നടന്ന 11 മത്സരങ്ങളിൽ 7 എണ്ണത്തിലും ബംഗളൂരു വിജയിച്ചു. എന്നാൽ ഈ സീസണിലെ ആദ്യ പാദത്തിൽ ആർസിബിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഡൽഹി ഇറങ്ങുന്നത്.

ഡിഫൻഡിങ് ചാമ്പ്യന്മാരായ ആർസിബിയെ വീഴ്ത്തി ഡൽഹി ഇരട്ടവിജയം നേടുമോ അതോ ബംഗളൂരു തങ്ങളുടെ ആധിപത്യം തുടരുമോ എന്ന് ഇന്നത്തെ മത്സരം വ്യക്തമാക്കും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *