യഷ് ആരാധകർക്ക് നിരാശ; ‘ടോക്സിക്’ റിലീസ് വീണ്ടും നീട്ടി

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ (Toxic: A Fairy Tale for Grown-ups) എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചു. നേരത്തെ 2026 ജൂൺ 4-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും, അന്താരാഷ്ട്ര തലത്തിൽ ചിത്രം വലിയ സ്വീകാര്യത നേടിയതോടെ ഒരു വമ്പൻ ആഗോള റിലീസിനായി അണിയറ പ്രവർത്തകർ പദ്ധതിയിടുകയാണ്. അമേരിക്കയിൽ നടന്ന ‘സിനിമാകോൺ’ (CinemaCon) എന്ന ചലച്ചിത്ര മേളയിൽ ടോക്സിക്കിന് ലഭിച്ച മികച്ച പ്രതികരണമാണ് ഈ തീരുമാനത്തിന് പിന്നിൽ. രാജ്യാന്തര സ്റ്റുഡിയോകൾ സിനിമ വിതരണം ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെ, ലോകമെമ്പാടും ഒരേ സമയം വിപുലമായി ചിത്രം പ്രദർശിപ്പിക്കാനാണ് യഷും സംഘവും ലക്ഷ്യമിടുന്നത്.

പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് യഷ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. നേരത്തെ മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കാരണം ചിത്രത്തിന്റെ ഷൂട്ടിംഗും റിലീസും തടസ്സപ്പെട്ടിരുന്നു. യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ടോക്സിക് കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഇന്ത്യൻ സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അഭിമാനകരമായ ഒരു നിമിഷമായിരിക്കും ഈ സിനിമയെന്നും ആരാധകർക്ക് വലിയൊരു സിനിമാനുഭവം തന്നെയായിരിക്കും ടോക്സിക് വാഗ്ദാനം ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *