നമ്മുടെ ഫോണിലൊരു ആപ്പ് വഴി നമ്മൾ ആഗ്രഹിക്കുന്നതെന്തും സെക്കൻഡുകൾക്കുള്ളിൽ നടക്കുമെന്ന് പറഞ്ഞാൽ ആർക്കായാലും ഒന്ന് പരീക്ഷിച്ചു നോക്കാൻ തോന്നും. പക്ഷേ ആ ആഗ്രഹം സഫലമായാൽ ഉടൻ തന്നെ മരണം പിന്നാലെ വരുമെന്ന് അറിഞ്ഞാലോ? ഇങ്ങനെയൊരു ഞെട്ടിപ്പിക്കുന്ന കഥയാണ് നെറ്റ്ഫ്ലിക്സിന്റെ പുതിയ കൊറിയൻ സീരീസായ ‘ഇഫ് വിഷസ് കുഡ് കിൽ’ (If Wishes Could Kill) പറയുന്നത്.
കഥ തുടങ്ങുന്നത് ‘ഗിരിഗോ’ എന്നൊരു വിചിത്രമായ ആപ്പിലൂടെയാണ്. അതിൽ നമ്മുടെ പേരും ജനനത്തീയതിയും അടിച്ച് ഒരു ആഗ്രഹം ചോദിച്ചാൽ അത് ഉടൻ നടക്കും. പക്ഷേ ഇതിന് പിന്നിൽ ഭീകരമായ ഒരു ചതിയുണ്ട്. നിങ്ങളുടെ ആഗ്രഹം സഫലമായി കൃത്യം 24 മണിക്കൂറിനുള്ളിൽ നിങ്ങളെ മരണം തേടിയെത്തും. ഈ മരണക്കളിയിൽ നിന്ന് രക്ഷപ്പെടാൻ ഒരേയൊരു വഴിയേ ഉള്ളൂ; നിങ്ങൾക്ക് പകരം മറ്റൊരാളെക്കൊണ്ട് ആ ആപ്പിൽ ഒരു ആഗ്രഹം ചോദിപ്പിക്കുക! അതായത്, സ്വന്തം ജീവൻ രക്ഷിക്കാൻ നമ്മൾ ഏറ്റവും സ്നേഹിക്കുന്നവരെപ്പോലും മരണത്തിന് വിട്ടുകൊടുക്കേണ്ടി വരുന്ന അവസ്ഥ.
വെറുമൊരു പ്രേതക്കഥ എന്നതിലുപരി, ഇന്നത്തെ തലമുറ ഫോണിനും സോഷ്യൽ മീഡിയക്കും പിന്നാലെ പോകുമ്പോൾ അറിയാതെ വീണുപോകുന്ന ചതിക്കുഴികളെക്കുറിച്ചാണ് ഈ സീരീസ് സംസാരിക്കുന്നത്. പഴയകാലത്തെ മന്ത്രവാദവും പുതിയ കാലത്തെ ടെക്നോളജിയും ചേരുമ്പോൾ ഉണ്ടാകുന്ന പേടിപ്പെടുത്തുന്ന അനുഭവമാണിത്.
സ്വന്തം ജീവൻ നിലനിർത്താൻ കൂട്ടുകാരെ പോലും തള്ളിപ്പറയേണ്ടി വരുന്ന കൗമാരക്കാരുടെ നിസ്സഹായാവസ്ഥ ഈ കഥയിൽ ശരിക്കും നമ്മളെ പേടിപ്പിക്കും. സാധാരണ കണ്ടു മടുത്ത ഹൊറർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ഓരോ നിമിഷവും ഉദ്വേഗം നിറയ്ക്കുന്ന എല്ലാ കൗമാരക്കാരും കണ്ടിരിക്കേണ്ട ഒരു സീരിയസ് ആണിത്.





