ആഭരണപ്രിയനല്ല അബദ്ധം പറ്റിയതാണ്; സ്വർണ്ണമോതിരത്തിനുള്ളിൽ ശ്വാസംമുട്ടി ചേര, ഒടുവിൽ സാഹസിക മോചനം

സാധാരണ പാമ്പുകൾ വീടിനുള്ളിൽ കയറിയാൽ പേടിച്ച് ഓടുകയാണ് പതിവ്. എന്നാൽ അഡൂർ കൊപ്പളത്തെ സി.എച്ച്. രവിയുടെ വീട്ടിൽ കയറിയ അതിഥി അല്പം ‘ആഡംബരപ്രിയൻ’ ആയിരുന്നു. മേശയുടെ വലിപ്പിനുള്ളിൽ ഒളിച്ചിരുന്ന ചേര പുറത്തുവന്നത് വെറുമൊരു പാമ്പായല്ല, വയറിനു ചുറ്റും തിളങ്ങുന്ന ഒരു സ്വർണ്ണമോതിരവും ധരിച്ചാണ്

ബാങ്കിൽ പോകാനായി രേഖകൾ തിരയാൻ രവിയുടെ ഭാര്യ ശൈലജ മേശവലിപ്പ് തുറന്നപ്പോഴാണ് ഈ അപ്രതീക്ഷിത കാഴ്ച കണ്ടത്. ഭയന്നുപോയ കുടുംബം ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും  വൊളന്റിയർമാരായ മഹേഷും അനിലും സ്ഥലത്തെത്തുകയും ചെയ്തു. അവർ നടത്തിയ പരിശോധനയിലാണ് നാലടിയോളം നീളമുള്ള ആ ചേരയുടെ മധ്യഭാഗത്ത് സ്വർണമോതിരം മുറുകിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. രവിയുടെ പരേതനായ പിതാവിന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്ന ആ മോതിരത്തിനുള്ളിലൂടെ നൂഴ്ന്നിറങ്ങാൻ ശ്രമിച്ച പാമ്പ് അബദ്ധത്തിൽ അതിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു.

രണ്ടാഴ്ചയോളമായി ആ മേശവലിപ്പ് ആരും തുറന്നിരുന്നില്ല. അത്രയും ദിവസം മോതിരം ശരീരത്തിൽ മുറുകി ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെട്ട് അവശനിലയിലായിരുന്നു പാമ്പ്.. സ്വർണ്ണമോതിരം മുറിക്കാതെ പാമ്പിനെ രക്ഷിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ വൊളന്റിയർമാർ അതീവ ജാഗ്രതയോടെ കട്ടർ ഉപയോഗിച്ച് മോതിരം മുറിച്ചുമാറ്റി.
സ്വർണ്ണത്തിന്റെ തിളക്കത്തേക്കാൾ ആ മിണ്ടാപ്രാണിയുടെ ജീവന് വില നൽകിയ വൊളന്റിയർമാരുടെ കരുതലിൽ, ആ ‘ആഭരണപ്രിയൻ’ ഒടുവിൽ സുരക്ഷിതമായി കാടിന്റെ തണലിലേക്ക് മടങ്ങി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *