ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് ഹാന്റ വൈറസ് വാർത്തകളിൽ നിറയുകയാണ്. എം വി ഹോണ്ടിയസ് എന്ന ക്രൂസ് കപ്പലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളാണ് ഈ വൈറസിനെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ആക്കം കൂട്ടിയത്. കപ്പലിലുണ്ടായ ഹാന്റ വൈറസ് ബാധയെത്തുടർന്ന് ഇതുവരെ മൂന്ന് യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്.സാധാരണ വൈറസ് ബാധകളിൽ നിന്ന് വ്യത്യസ്തമായി, എലികളിലൂടെയും മറ്റുമാണ് (Rodents) ഇത് മനുഷ്യരിലേക്ക് എത്തുന്നത്.
ആദ്യകാലങ്ങളിൽ എലികളിൽ നിന്ന് എലികളിലേക്ക് വ്യാപിച്ചിരുന്ന ഈ രോഗം ഇന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയാണ്.പ്രധാനമായും എലികളുടെ വിസർജ്യങ്ങളിലൂടെയും ഉമിനീരിലൂടെയും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്. അമിതമായ പനിയും വിറയലും,
പേശിവേദന (പ്രത്യേകിച്ച് തുടകൾ, ഇടുപ്പ്, പുറംഭാഗം എന്നിവിടങ്ങളിൽ).
തലവേദന, ക്ഷീണം, വയറുവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
നിലവിൽ ഹാന്റ വൈറസിന് ലക്ഷണങ്ങൾ ഇല്ല.
തീവ്രപരിചരണവും 24 മണിക്കൂർ നിരീക്ഷണവും മാത്രമാണ് ചികിത്സ.എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങൾ വൃത്തിയാക്കുമ്പോൾ മാസ്കും കൈയ്യുറയും ധരിക്കുകയും അടച്ചിട്ട മുറികൾ തുറക്കുമ്പോൾ നല്ലതുപോലെ വായുസഞ്ചാരം ഉറപ്പാക്കിയ ശേഷം മാത്രം പ്രവേശിക്കുകയുമാണ് ഹാന്റ വൈറസിൽ നിന്നുള്ള ഏക പ്രതിരോധ മാർഗം.
നിലവിൽ 149 യാത്രക്കാരുമായി വെസ്റ്റ് ആഫ്രിക്കൻ തീരത്തുള്ള കപ്പലിൽ ഇന്ത്യൻ ജീവനക്കാരുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പനിയും ശ്വാസതടസ്സവും മൂലമാണ് ആദ്യമരണം സംഭവിച്ചത്. സംഭവത്തിൽ ലോകാരോഗ്യ സംഘടന വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.ആദ്യ മരണം റിപ്പോർട്ട് ചെയ്ത ശേഷവും 12 ദിവസത്തോളം കപ്പലിൽ ഐസൊലേഷൻ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ച യാത്രക്കാർ വിനോദപരിപാടികളും ഭക്ഷണവിതരണവും സാധാരണ രീതിയിൽ നടന്നതായി ആരോപിക്കുന്നു. പിന്നീട് ആദ്യ മരണം സംഭവിച്ചപ്പോൾ “സ്വാഭാവിക മരണം” എന്നായിരുന്നു അധികൃതർ യാത്രക്കാരോട് പറഞ്ഞിരുന്നത്.
കേപ് വെർഡെ തീരത്ത് കപ്പൽ നിരീക്ഷണത്തിൽ തുടരവെ വിവിധ തുറമുഖങ്ങളിൽ കപ്പൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.





